| Tuesday, 28th July 2020, 11:56 am

എന്താണ് ഒരു ഗവര്‍ണറുടെ റോള്‍? രാജസ്ഥാനിലോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യആഴ്ച വിമത നേതാവ് സച്ചിന്‍ പൈലറ്റിന്റെ നീക്കങ്ങളിലേക്കായിരുന്നു രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നത്. രണ്ടാം ആഴ്ച അത് സ്പീക്കറിന്റെയും സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകളിലേക്ക് മാറി. എന്നാല്‍ മൂന്നാം ആഴ്ചയായ ഇപ്പോള്‍ ഗെലോട്ട് സര്‍ക്കാരിനെ വലച്ചുകൊണ്ടിരിക്കുന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയിലേക്ക് ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

രാജസ്ഥാനില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യങ്ങള്‍ രണ്ടുതവണയും നിരസിച്ചതോടെയാണ് കല്‍രാജ് മിശ്ര വാര്‍ത്തകളില്‍ ഇടംനേടുന്നത്. കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ള പല പാര്‍ട്ടികളും ഗവര്‍ണറുടെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജന സംഘിന്റെ പ്രവര്‍ത്തകനായിരുന്നു കല്‍രാജ് മിശ്ര. പിന്നീട് ആ പ്രവര്‍ത്തനം ബി.ജെ.പിയിലും തുടര്‍ന്നു. നിയമസഭ വിളിക്കാനുള്ള വിസമ്മതമാണ് മിശ്ര ഗെലോട്ട് സര്‍ക്കാരിനെ അറിയിച്ചു കൊണ്ടിരിക്കുന്നത്. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 21 ദിവസത്തിന്റെ സമയം ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയാല്‍ സഭ വിളിച്ചുചേര്‍ക്കാമെന്നാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ അറിയിച്ചിരിക്കുന്നത്. പക്ഷേ, സഭ വിളിച്ചുചേര്‍ക്കാനുള്ള അടിയന്തിര സാഹചര്യമെന്താണെന്ന് വ്യക്തമാക്കണമെന്ന് അറിയിക്കണം.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 174 പ്രകാരം നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ആര്‍ട്ടിക്കിള്‍ 163 പ്രകാരം, ഗവര്‍ണര്‍ക്ക് ഇതിനായി മന്ത്രിസഭയുടെ സഹായവും ഉപദേശവും കര്‍ശനമായി പാലിക്കുകയും വേണം.

അതേ ആര്‍ട്ടിക്കിള്‍ 163 ഗവര്‍ണര്‍ക്ക് വിവേചനാധികാരവും നല്‍കുന്നുണ്ട്. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സഹായത്തിനും ഉപദേശത്തിനും ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഇക്കാര്യത്തില്‍ മാറ്റം വരിക.

2016ല്‍, ആര്‍ട്ടിക്കിള്‍ 174 പ്രകാരം ഗവര്‍ണര്‍ക്ക് സഭ വിളിച്ചുചേര്‍ക്കുക, നീട്ടിവെക്കുക, പിരിച്ചുവിടുക എന്നിവ സംബന്ധിച്ച അധികാരത്തെ സുപ്രീംകോടതി പരിശോധിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശുപാര്‍ശയും ആവശ്യവും പരിഗണിച്ച് മാത്രമേ ഗവര്‍ണര്‍ സമ്മേളനം വിളിക്കാവൂ എന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ സ്വമേധയാ സഭ വിളിക്കരുതെന്നും വിധിയില്‍ പറഞ്ഞിരുന്നു.

രാജസ്ഥാനില്‍ സഭ വിളിക്കാന്‍ ഗെലോട്ട് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത് സ്വാഭാവികമായിട്ടാണെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് ചില അസാധാരണത്വങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍ സഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാനില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗെലോട്ടിനോട് ഇതുവരെ നിയമപരമായി ആരും ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. പൈലറ്റ്-ബി.ജെ.പി കൂട്ടുകെട്ട് ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിലും ഗെലോട്ടിന് ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യം ഇതുവരെ വന്നിട്ടില്ല.

നിയമസഭാ സമ്മേളനം ഇപ്പോള്‍ നടക്കുകയും പൈലറ്റ് ക്യാമ്പ് കോണ്‍ഗ്രസ് വിപ്പിനെ ധിക്കരിക്കുകയും ചെയ്താല്‍ 19 എം.എല്‍.എമാരെയും അയോഗ്യരാക്കാനാവും. ബി.ജെ.പിക്ക് 76 എം.എല്‍.എമാരാണുള്ളത്. നിലവിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് എല്ലാ വിമത എം.എല്‍.എമാരും വോട്ടുചെയ്താലും ഗെലോട്ട് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ പരാജയപ്പെടുത്താന്‍ ഇത് പര്യാപ്തമല്ലെന്നാണ് സൂചന.

19 എം.എല്‍.എമാരെ അയോഗ്യരാക്കിയാല്‍ ആ ഒഴിവ് നികത്താനുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഗെലോട്ട് സര്‍ക്കാരിന്റെ ഭൂരിപക്ഷം തുടരുകയും ചെയ്യും. കോടതിയില്‍ അത്തരം എന്ത് തീരുമാനത്തെയും പൈലറ്റ് ക്യാമ്പിന് ചോദ്യം ചെയ്യാന്‍ കഴിയുകയും ചെയ്യും.

ഗെലോട്ടിന് കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം വരുകയുമില്ല. ഈ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ബി.ജെ.പിക്ക് അവിശ്വാസപ്രമേയം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ തുടരുകയും ചെയ്യും.

ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഗവര്‍ണര്‍ ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more