സ്പീക്കറെ ഉപദേശിക്കാനുള്ള അവകാശം ഹൈക്കോടതിക്കുണ്ടോ? രാജസ്ഥാന്‍ പ്രതിസന്ധി ഇന്ന് നിര്‍ണായക ദിവസം
national news
സ്പീക്കറെ ഉപദേശിക്കാനുള്ള അവകാശം ഹൈക്കോടതിക്കുണ്ടോ? രാജസ്ഥാന്‍ പ്രതിസന്ധി ഇന്ന് നിര്‍ണായക ദിവസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 9:00 am

ജയ്പൂര്‍: കോണ്‍ഗ്രസ് വിട്ട സച്ചിന്‍ പൈലറ്റിന്റെയും 18 എം.എല്‍.എമാരുടെയും അയോഗ്യത സംബന്ധിച്ച കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് രാജസ്ഥാന്‍ സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും.

മൂന്നംഗ ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക. സ്പീക്കറെ ഉപദേശിക്കാനുള്ള അവകാശം ഹൈക്കോടതിക്ക് ഉണ്ടോ എന്ന കേസാണ് സുപ്രീംകോടതി ഇന്ന് കേള്‍ക്കാന്‍ പോകുന്നത്. രാവിലെ പതിനൊന്ന് മണിക്കായിരിക്കും കേസ് പരിഗണിക്കുക.

അതേസമയം സുപ്രീം കോടതിയില്‍ ഈ കേസ് നിലനില്‍ക്കുമ്പോള്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കഴിയുമോ എന്ന പ്രതിസന്ധിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന പ്രശ്‌നം.

നിയമവിദഗ്ധരുമായി ഗവര്‍ണര്‍ നടത്തിയ കൂടിയാലോചനയില്‍ സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കരുതെന്ന നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ക്ക് കിട്ടിയിരിക്കുന്നതെന്നാണ് സൂചന.

എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമ സഭ വിളിച്ചു ചേര്‍ക്കണമെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭ കൂടണമെന്നാണ് ഗലോട്ട് ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിശ്വാസവോട്ടെടുപ്പിന്റെ കാര്യം ഗെലോട്ട് സൂചിപ്പിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ