ന്യൂദല്‍ഹി: രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്ന് സൂചന. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് പൈലറ്റ് ക്യാമ്പ് രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് 14 ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് ക്യാമ്പ് രാഹുലുമായി ചര്‍ച്ചക്കൊരുങ്ങുന്നത്.
വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നെന്നാണ് രാഹുലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. രാഹുലുമായുള്ള കൂടിക്കാഴ്ചയുടെ സമയം തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും ഓഗസ്റ്റ് 14ന് മുമ്പായി ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.
പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത് എന്നാല്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്റെ നിലപാട്. ഇത് പാര്‍ട്ടിക്കുള്ളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നാണ് സൂചന.
വിമതര്‍ക്കുവേണ്ടി വാദിക്കാനില്ലെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ അറിയിച്ചിരിക്കുന്നത്. അതേസമയം, വിശ്വാസ വോട്ടെടുപ്പില്‍ വിമതര്‍ കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രഘുവീര്‍ മീണ അഭിപ്രായപ്പെടുന്നത്.