| Monday, 20th July 2020, 7:39 pm

'മകന്റെ തോല്‍വിയില്‍ പകപോക്കുകയാണ് അശോക് ഗെലോട്ട്'; കേന്ദ്രമന്ത്രിക്കെതിരെയുള്ള എഫ്.ഐ.ആര്‍ വിമതരെ ഭീഷണിപ്പെടുത്താനെന്ന് ഗജേന്ദ്ര സിങ് ഷെഖാവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വ്യക്തിവൈരാഗ്യമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗെലോട്ടിന്റെ മകന്‍ പരാജയപ്പെട്ടിരുന്നു. ഇതിന്റെ പകപോക്കുകയാണ് ഗെലോട്ട് എന്നാണ് ഷെഖാവത് ആരോപിക്കുന്നത്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നു എന്ന പേരില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഓഡിയോ ക്ലിപ്പ് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും അത് പകമൂലം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് പുറത്തിറക്കിയതാണെന്നും ഷെഖാവത് ആരോപിച്ചു.

‘ഓഡിയോ ക്ലിപ്പിലെ ശബ്ദമോ ഉച്ചാരണമോ എന്റേതുമായി യാതൊരു ബന്ധവുമുള്ളതല്ല. മൂന്ന് ഓഡിയോ ക്ലിപ്പുകളിലായുള്ള മുഴുവന്‍ സംഭാഷണവും ഞാന്‍ കേട്ടു. അതില്‍ ഗജേന്ദ്ര എന്ന വിളിക്കപ്പെടുന്ന വ്യക്തിക്ക് ഗംഗനഗര്‍ മേഖലയില്‍നിന്നുള്ള ഒരാളുടെ ഉച്ചാരണമാണുള്ളത്. ഞാന്‍ ജോധ്പൂര്‍ മാര്‍വാരി ഉച്ചാരണത്തോടെ സംസാരിക്കുന്ന വ്യക്തിയാണ്. രണ്ടാമതായി, രാജ്യദ്രോഹപരമായ ഉള്ളടക്കമാണ് ക്ലിപ്പിനുള്ളത്’, ഷെഖാവത് പറഞ്ഞു.

വിഷയത്തില്‍ അന്വേഷണസംഘം ഗജേന്ദ്ര സിങിന്റെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമതരെ ഭയപ്പെടുത്താനാണ് തന്റെ പേര് ഗെലോട്ട് വലിച്ചിഴച്ചിരിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.

‘ക്ലിപ്പിന്റെ ഉറവിടം ഇനിയും വ്യക്തമല്ല. വിമതരെ ഭീഷണിപ്പെടുത്താനാണ് എന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ ഓഡിയോ എവിടെനിന്നാണ് ഉണ്ടായതെന്നോ ആരാണ് റെക്കോര്‍ഡ് ചെയ്തതെന്നോ സംബന്ധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല. ക്ലിപ്പിന്റെ ആധികാരികത പരിശോധിക്കുന്നതിന് പകരം, എന്റെ തെളിവെടുപ്പ് നടത്താനും 2019ലെ എന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനുമുണ് ഗെലോട്ട് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വേണമെങ്കില്‍ കേന്ദ്രമന്ത്രിയെപ്പോലും കുടുക്കാന്‍ താന്‍ ശക്തനാണ് എന്ന സന്ദേശം എം.എല്‍.എമാര്‍ക്ക് നല്‍കാനാണ് ഗെലോട്ട് ഇതിലൂടെ ആഗ്രഹിക്കുന്നത്’, ഷെഖാവത് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടന്നെന്ന ആരോപണമുന്നയിച്ചാണ് തെളിവിനായി കോണ്‍ഗ്രസ് ഓഡിയോ ക്ലിപ്പ് പുറത്തിയിറക്കിയിരിക്കുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more