ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ജയ്പൂരിലെ രാജ്ഭവനിലെത്തിയാണ് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയെ കാണുന്നത്.
സര്‍ക്കാരിന് ഭീഷണികളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ചേതന്‍ ഡുഡി അവകാശപ്പെടുന്നത്. സര്‍ക്കാരിനൊപ്പം 109 എം.എല്‍.എമാരുണ്ടെന്നും കോണ്‍ഗ്രസ് ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുയാണെന്നും ഡുഡി പറഞ്ഞു.
നിയമസഭാകക്ഷി യോഗത്തിലാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയത്. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.
പൈലറ്റും സംഘവും ബി.ജെ.പി വിരിച്ച വലയില്‍ വീണെന്ന് ജയ്പൂരിലെത്തിയ പ്രതിനിധി സംഘ തലവന്‍ രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു.
‘പൈലറ്റിനെ കോണ്‍ഗ്രസ് മുപ്പതാം വയസില്‍ കേന്ദ്രമന്ത്രിയാക്കി. 40ാം വയസില്‍ ഉപമുഖ്യമന്ത്രിയും സംസ്ഥാനാധ്യക്ഷനുമാക്കി. അദ്ദേഹത്തിന് പാര്‍ട്ടി നിരവധി അവസരങ്ങള്‍ നല്‍കി. എം.പിയായിരുന്നു സച്ചിന്‍ പൈലറ്റ്. സച്ചിനും കൂട്ടാളികളും ബി.ജെ.പിയുടെ വലയില്‍ വീണതില്‍ അതീവ ദുഃഖമുണ്ട്. പക്ഷേ, അത് അംഗീകരിക്കാനാവില്ല’, സുര്‍ജേവാല പറഞ്ഞു.
ജയ്പൂരില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് പൈലറ്റിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.