| Monday, 27th July 2020, 8:03 am

കോണ്‍ഗ്രസിന് അനുകൂലമായി തീരുമാനമെടുത്താല്‍ അയോഗ്യരാക്കും; എം.എല്‍.എ മാര്‍ക്ക് നിര്‍ദ്ദേശവുമായി ബി.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ നിര്‍ണായക തീരുമാനവുമായി ബി.എസ്.പി. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് എതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുകയാണ് ബി.എസ്.പി. നിയമസഭ ചേരുന്ന ഘട്ടത്തില്‍ എന്ത് നടപടിയുണ്ടായാലും കോണ്‍ഗ്രസിന് എതിരെ നിലപാടെടുക്കണമെന്നാണ് ബി.എസ്.പി നിര്‍ദ്ദേശം.

സച്ചിന്‍ പൈലറ്റ് വിഷയത്തില്‍ സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ് എങ്കിലും 102 എം.എല്‍.എ മാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് പാര്‍ട്ടിയുടെയും അശോക് ഗലോട്ടിന്റെയും വാദം.

ആറ് അംഗങ്ങളുള്ള ബി.എസ്.പിയുടെ പ്രതിനിധികളെക്കൂടി ചേര്‍ത്താണ് കോണ്‍ഗ്രസ് ഈ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നാണ് ബി.എസ്.പി എം.എല്‍.എ മാര്‍ക്ക് പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം അശോക് ഗലോട്ട് വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷിയോഗത്തിലും ബി.എസ്.പി അംഗങ്ങള്‍ പങ്കെടുത്തിരുന്നില്ല.

200 അംഗ നിയമസഭയാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ ആറ് എം.എല്‍.എ മാര്‍ ബി.എസ്.പിയില്‍ നിന്നാണ്. ഇവര്‍ നേരത്തേ സംസ്ഥാന കോണ്‍ഗ്രസില്‍ ലയിക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ലയനം നിയമവിരുദ്ധമാണെന്നും അംഗീകരിക്കുന്നില്ലെന്നുമാണ് ബി.എസ്.പി നല്‍കിയ വിപ്പ് സൂചിപ്പിക്കുന്നത്.

ബി.എസ്.പി ദേശീയ പാര്‍ട്ടിയാണ്. ആയതിനാല്‍ സംസ്ഥാനതലത്തില്‍ ലയനം അംഗീകരിക്കുന്നില്ല. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ അയോഗ്യത ക്ഷണിച്ച് വരുത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് ബി.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി എസ്.സി മിശ്ര പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more