ജയ്പൂർ: രാജസ്ഥാനിൽ ഗർഭിണിയായ യുവതിയെ നഗ്നയാക്കി നടത്തിച്ച കേസിൽ 14 പുരുഷന്മാർക്ക് ഏഴ് വർഷം തടവും മൂന്ന് സ്ത്രീകൾക്ക് അഞ്ച് വർഷം തടവും ശിക്ഷ വിധിച്ച് രാജസ്ഥാൻ കോടതി. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിൽ കഴിഞ്ഞ വർഷമാണ് സംഭവം നടന്നത്. പ്രതികളിൽ ഇരയായ സ്ത്രീയുടെ ഭർത്താവും ഉൾപ്പെടുന്നുണ്ട്.
20 കാരിയായ ഗർഭിണിയായ യുവതിയെ നഗ്നയാക്കി നടത്തുകയായിരുന്നു പ്രതികൾ. വിഷയം വളരെ ഗൗരവപൂർണമാണെന്നും പ്രതികൾക്ക് തക്കതായ ശിക്ഷ നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
‘യുവതിയോട് പ്രതികൾ ചെയ്തെത് ഗുരുതരമായ കുറ്റകൃത്യമാണ്. മണിപ്പൂരിലും സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ സ്ത്രീകളെ മാനസികമായി വേദനിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കർശനമായ നടപടികൾ ആവശ്യമാണ്. അപ്പോൾ മാത്രമേ കുറ്റകൃത്യങ്ങൾ കുറയു,’ പ്രതാപ്ഗഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാംകന്യ സോണി പറഞ്ഞു.
രാജ്യത്ത് സ്ത്രീകളെ ദേവതകളായാണ് ആരാധിക്കുന്നതെന്നും പുരാതന ഗ്രന്ഥങ്ങളിലും സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കലിയുഗത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളും അതിക്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരയുടെ ഭർത്താവ് കനിഹ മീണക്കൊപ്പം ഖേതിയ മീണ, മോട്ടിലാൽ മീണ എന്ന മോതിയ, പുനിയ മീണ, കേസര എന്ന കേസരിമൽ മീണ, സൂരജ് മീണ, പിൻ്റു മീണ, നാഥുലാൽ മീണ, മനാറാം എന്ന വെനിയ മീണ, നെതിയ മീണ, രൂപ മീണ, ഗൗതം മീണ, എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഇന്ദ്ര മീണ, മിർക്കി മീണ, ജുമലി മീണ എന്നിവർക്ക് അഞ്ച് വർഷമാണ് തടവ് ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് സംഭവം നടന്നത്. യുവതിയെ നിർബന്ധപൂർവം നഗ്നയാക്കുകയും അത് ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ പുറത്ത് വിട്ടിരുന്നു. യുവതിയെ പ്രതികളിലൊരാളുടെ വീട്ടിൽ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏഴ് മാസം ഗർഭിണിയായ യുവതിയെ പിന്നീട് പിതാവിന്റെ വീട്ടിൽ ഇറക്കി വിടുകയായിരുന്നു.
യുവതി പിന്നീട് അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ പോവുകയും പരാതി നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് യുവതിയെ കാണുകയും കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചിരുന്നു.
കേസ് അന്വേഷിക്കാൻ സംസ്ഥാന പോലീസ് അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ചു.
Content Highlight: Rajasthan Court Sentences 17 People for Stripping Pregnant Woman, Parading Her Naked