സച്ചിന്‍ പൈലറ്റിന് അനുകൂല മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ രാജസ്ഥാന്‍ പൊലീസിന്റെ ബലപ്രയോഗം; സംസ്ഥാനം വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കോ?
പാര്‍ട്ടി ഓഫീസില്‍ അജയ് മാക്കന്റെ അധ്യക്ഷതയില്‍ നടന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് ഫീഡ്ബാക്ക് മീറ്റിംഗിന്റെ വേദിക്ക് പുറത്താണ് സംഭവം. പ്രവര്‍ത്തകരെ പൊലീസ് സംഭവസ്ഥലത്തുനിന്ന് നീക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരുമാസക്കാലത്തോളം രാജസ്ഥാന്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്‍ പൈലറ്റുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടി പറഞ്ഞുതീര്‍ത്തതിനു പിന്നാലെ നടന്ന ഈ സംഭവം പുതിയ ആശങ്കള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ആരോഗ്യമന്ത്രി രഘുശര്‍മ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത ആളായാണ് വിലയിരുത്തപ്പെടുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രാകേഷ് പരീക്ക് എം.എല്‍.എ പൊലീസ് സ്റ്റേഷനില്‍ എത്തി. പൊലീസ് സ്റ്റേഷന് മുന്നില്‍ എം.എല്‍.എയും അനുയായികളും പ്രതിഷേധം നടത്തി.
സച്ചിന്‍ പൈലറ്റിനൊപ്പം കോണ്‍ഗ്രസ് വിട്ടുപോയ 18 എം.എല്‍.എമാരില്‍ ഒരാളാണ് രാജേഷ്.
എന്നാല്‍ സംഭവസ്ഥലത്തു നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടുകമാത്രമാണ് പൊലീസ് ചെയ്തതെന്നും ഒരാളേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സച്ചിന്റെ തിരിച്ചുവരവ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.
സച്ചിന്‍ പൈലറ്റും വിമത എം.എല്‍.എമാരും പാര്‍ട്ടിക്ക് പുറത്തുപോയപ്പോഴും സച്ചിനെ പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഈ ഘട്ടങ്ങളില്‍ പലപ്പോഴായി അശോക് ഗലോട്ട് തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നിരുന്നെങ്കിലും സച്ചിനെ വിട്ടുകളയാനോ പിണക്കാനോനേതൃത്വം തയ്യാറായില്ല. സച്ചിന്‍ തിരിച്ചെത്തിയപ്പോഴും ഗലോട്ട് തനിക്കുള്ള അതൃപ്തി പരോക്ഷമായി വെളിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ സച്ചിന്‍ പക്ഷത്തിന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയമിക്കുകയും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യുക എന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സോണിയ ഗാന്ധി അംഗീകരിക്കുകയും ചെയ്തു.
സംസ്ഥാന പാര്‍ട്ടിയുടെ പുതിയ മേധാവിയായി അജയ് മാക്കനെ നിയമിക്കുകയും ചെയ്തു.
രാജസ്ഥാനില്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചതിന് പിന്നിലെ പ്രധാന ശക്തിയായി വിലയിരുത്തപ്പെടുന്നത് സച്ചിന്‍ പൈലറ്റിനെയാണ്.