| Monday, 15th August 2022, 9:56 am

'ഉയര്‍ന്ന ദേശീയ പതാക താഴ്ത്തിക്കെട്ടരുത്'; നെഹ്‌റുവിനെ തഴയുന്ന ബി.ജെ.പിക്കെതിരെ പത്ര പരസ്യവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനില്‍ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കിയതിന് മറുപടിയുമായി കോണ്‍ഗ്രസ്. രാജസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ സ്വാതന്ത്ര്യദിനാഘോഷം നേരുന്ന പോസ്റ്ററില്‍ നെഹ്‌റുവിന്റെ ചിത്രം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ലാഹോര്‍ സെഷനില്‍ വെച്ച് ത്രിവര്‍ണപതാക കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി പ്രൊഫൈല്‍ പിക്ചറുകള്‍ മാറ്റി ത്രിവര്‍ണ പതാകയാക്കണമെന്ന നരേന്ദ്ര മോദിയുടെ ആഹ്വാനം വന്നപ്പോള്‍ നെഹ്‌റുവിന്റെ ഇതേ ചിത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രൊഫൈല്‍ പിക്ചറാക്കിയത്. കേരളത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ക്യാമ്പെയിന്‍ ആരംഭിച്ചത്.

‘ഇപ്പോള്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടുണ്ട്, അതിനെ താഴാന്‍ അനുവദിക്കരുത്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് നെഹ്‌റുവിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിനൊപ്പം നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സുപ്രധാന പദ്ധതികളെയും, മുന്നേറ്റങ്ങളെയും പോസ്റ്ററില്‍ പരാമര്‍ശിക്കുന്നുണ്ട്.

നെഹ്‌റു മുന്നോട്ടുവെച്ച എയിംസ്, ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, അപ്‌സര നൂക്ലിയര്‍ റിയാക്ടര്‍, ഒ.എന്‍.ജി.സി, ഐ.ഐ.ടി, ഐ.ഐ.എം, ഭക്ര നന്‍ഗള്‍ ഡാം, ഐ.എസ്.ആര്‍.ഒ തുടങ്ങിയ പദ്ധതികളാണ് പരാമര്‍ശിച്ചിരിക്കുന്നത്.

എല്ലാ മതത്തേയും, ജാതിയേയും, വര്‍ണത്തേയും, ലിംഗത്തേയും ബഹുമാനിക്കുന്ന വൈവിധ്യങ്ങളുടേയും സാമൂഹിക ഐക്യത്തിന്റേയും പ്രതീകമാണ് ത്രിവര്‍ണ പതാകയെന്ന അശോക് ഗെലോട്ടിന്റെ കുറിപ്പും പോസ്റ്ററില്‍ കാണാം. ഓരോ ഇന്ത്യക്കാരന്റേയും സ്വത്വം അതായിരിക്കണം. 75 വര്‍ഷങ്ങള്‍ക്കിടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ ഞങ്ങള്‍ ആ മൂല്യങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല. അതിന്റെ ശരിയായ മൂല്യങ്ങളോടു കൂടിതന്നെ ത്രിവര്‍ണ പതാകയുടെ ആശയങ്ങളിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കണം.

ത്രിവര്‍ണ പതാകയുടെ സ്വത്വം കൃത്യമായി മനസിലാക്കണമെന്നും അശോക് ഗെലോട്ട് സര്‍ക്കാര്‍ പറയുന്നു.

ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ നിന്നും നെഹ്‌റുവിനെ പുറത്താക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ പരസ്യത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന പരാമര്‍ശങ്ങളും ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

Content Highlight: Rajasthan congress slams bjp for disrespecting jawahar lal nehru

We use cookies to give you the best possible experience. Learn more