ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് എം.എല്‍.എ ഹേമാറാം ചൗധരി രാജിവെച്ചതില്‍ ഇടപെടാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ആദ്യ ഘട്ടത്തില്‍ സംസ്ഥാന നേതൃത്വത്തോട് തന്നെ വിഷയത്തില്‍ പരിഹാരം കാണാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഹേമാറാമിന്റെ രാജിയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതാസ്ര അറിയിച്ചു. ‘ഹേമാറാം ജി പാര്‍ട്ടിയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ്. രാജിവെച്ച വിവരം അറിഞ്ഞ ശേഷം അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇതൊരു കുടംബപ്രശ്‌നമാണ്. വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണും,’ ഗോവിന്ദ് സിംഗ് പറഞ്ഞു.
ഗുണ്ടാമലാനി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഹേമാറാം ചൗധരി. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനായ ഹേമാറാമിന്റെ രാജി രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ അട്ടിമറികളുണ്ടാകുമോ എന്ന ചോദ്യമുയര്‍ത്തിയിരിക്കുകയാണ്.
ഹേമറാം ചൗധരി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്. രാജി അപേക്ഷയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിയമസഭാ വക്താവ് ലോകേഷ് ചന്ദ്ര അറിയിച്ചു. രാജി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രാജി വെച്ചതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയുളളൂവെന്നാണ് ഹേമാറാ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ സംസ്ഥാനത്ത് നടക്കുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടക്കുന്നുണ്ടെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹേമാറാം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത അന്വേഷണ ഏജന്‍സികളൊന്നും തന്നെ കൃത്യമായ അന്വേഷണം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത റോഡുകള്‍ ശോചനീയവസ്ഥയിലാണെന്ന് പറഞ്ഞ ഹേമാറാം, നമ്മളും ബി.ജെ.പിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും ചോദിച്ചിരുന്നു.
ഹേമാറാം അടക്കമുള്ള 19 എം.എല്‍.എമാരായിരുന്നു നേരത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. പൈലറ്റ് വിഭാഗത്തിന്റെ എതിര്‍പ്പ് അന്ന് സംസ്ഥാന തലത്തില്‍ മാത്രമല്ല, ദേശീയ തലത്തിലും കോണ്‍ഗ്രസിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു.
പിന്നീട് മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. അന്ന് ഉണ്ടാക്കിയ ധാരണകള്‍ക്കനുസരിച്ചല്ല അശോക് ഗെഹ്ലോട്ട് പ്രവര്‍ത്തിക്കുന്നതാണ് സച്ചിന്‍ പക്ഷത്തിന്റെ ആരോപണം. ഇതേ തുടര്‍ന്ന് കുറച്ചുനാളുകളായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rajasthan Congress MLA resigns, Congress calls it a family issue