| Sunday, 29th October 2023, 10:50 am

രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി നേതാക്കളുടെ കൂടുമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ എം.എല്‍.എ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

സത്യസന്ധരും അര്‍പ്പണബോധമുള്ളവരുമായ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും ഹൈക്കമാന്‍ഡ് അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും പാര്‍ട്ടി വിട്ട മുന്‍ ജയ്പൂര്‍ മേയര്‍ ജ്യോതി ഖണ്ടേല്‍വാള്‍ പറഞ്ഞു.

‘പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അര്‍പ്പണബോധമുള്ള പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ട്ടി ശ്രദ്ധിക്കുന്നില്ല എന്ന് ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തി ഹൈക്കമാന്‍ഡ് മൗനം പാലിക്കുകയാണ് അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കുകയാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ജനങ്ങള്‍ക്ക് ബി.ജെ.പിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും വിശ്വാസം വര്‍ദ്ധിച്ചു. അവര്‍ക്ക് മോദിജിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്.

കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകളില്‍ ജനം വിശ്വസിക്കുന്നില്ല. സമ്പൂര്‍ണ്ണ കാര്‍ഷിക കടം എഴുതി തള്ളല്‍, തൊഴില്‍ഇല്ലായ്മ അലവന്‍സ്, സ്ത്രീ സുരക്ഷ, വികസനം, വിലക്കയറ്റം നിയന്ത്രിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ജനം കണ്ടിട്ടുണ്ട്,’ ബി.ജെ.പി രാജസ്ഥാന്‍ സംസ്ഥാന പ്രസഡന്റ് സി.പി ജോഷി ജയ്പൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്‍ എം.എല്‍.എ മാരായ ചന്ദ്രശേഖര്‍ വൈദ്, നന്ദലാല്‍ പൂനിയ, മുന്‍ ജയ്പൂര്‍ മേയര്‍ ജ്യോതി ഖണ്ടേല്‍വാള്‍, മണ്ടാവയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഹരി സിങ് ചരണ്‍, കോണ്‍ഗ്രസ് നേതാവ് സന്‍വര്‍മല്‍ മേഹാരിയ, മുന്‍ ഐ.പി.എസ് ഓഫീസര്‍മാരായ കേസര്‍ സിങ് ഷെഖാവത്, ഭീം സിങ് എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കള്‍.

Content Highlight:  Rajasthan Congress leaders join BJP

We use cookies to give you the best possible experience. Learn more