ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ന് നടക്കുന്ന നിയമസഭാംഗങ്ങളുടെ യോഗത്തില്‍ എം.എല്‍.എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കി. യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രശ്‌നപരിഹാരത്തിന് ദേശീയ നേതാക്കളായ രണ്‍ദീപ്സിങ് സുര്‍ജേവാല, അജയ് മാക്കന്‍ എന്നിവരെ ജയ്പുരിലേക്കയച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, യോഗത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇരുവരും ആവര്‍ത്തിച്ചിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റ് ഞായറാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു. സോണിയയും രാഹുലും സച്ചിന്‍പൈലറ്റുമായും ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.
109 എം.എല്‍.എമാര്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറിയിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അവിനാശ് പാണ്ഡെ അറിയിച്ചു. ബാക്കിയുള്ളവരുടെ അംഗത്വം ക്രമേണ ഇല്ലാതായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.