ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരിച്ചടി നേരിട്ട കോണ്‍ഗ്രസില്‍ നിര്‍ണായക സ്ഥാനം ലക്ഷ്യമിട്ട് സച്ചിന്‍ പൈലറ്റും സംഘവും. ഈ വര്‍ഷമാദ്യം ഉയര്‍ത്തിയ വിമതശബ്ദം വീണ്ടും സജീവമാക്കാന്‍ പൈലറ്റ് ക്യാംപ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതൃത്വവും നിര്‍ണായകസ്ഥാനങ്ങളിലേക്ക് പുതിയ നിയമനം നടത്താനാണ് ശ്രമിക്കുന്നത്. ഇക്കാര്യം രാജസ്ഥാന്റെ ചുമതലയുള്ള അജയ് മാക്കന്‍ വ്യക്തമാക്കുകയും ചെയ്തു.
‘സംസ്ഥാന നേതൃത്വത്തിലും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (പി.സി.സി) ഭാഗമായ പാനലിലും നിയമന സമയത്ത് തുല്യമായ വിഭജനം ഉണ്ടായിരിക്കും. പി.സി.സിയിലും കാര്യമായ മാറ്റം ഉണ്ടാകും’, മാക്കന്‍ പറഞ്ഞു.
സംസ്ഥാനത്തെ പാര്‍ട്ടി നിയമനങ്ങള്‍ പൈലറ്റ് ക്യാംപ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിമതനീക്കങ്ങളെ തുടര്‍ന്ന് പൈലറ്റിനോട് അടുപ്പം കാണിച്ചവരെ പ്രധാനസ്ഥാനങ്ങളില്‍ നിന്ന് നേതൃത്വം മാറ്റിനിര്‍ത്തിയിരുന്നു.
ഇവരെ തിരിച്ചെത്തിക്കുമെന്ന സൂചനയാണ് മാക്കന്റെ പ്രസ്താവനയിലുള്ളത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ഗോവിന്ദ് സിംഗ് ഡോട്ട്‌സാര പൈലറ്റിനെ വസതിയിലെത്തി കണ്ടിരുന്നു.
പാര്‍ട്ടി നിയമനങ്ങളുടെ കൂടിയാലോചനകളില്‍ സച്ചിന്‍ പൈലറ്റിനേയും ഉള്‍പ്പെടുത്തണമെന്ന് ഗാന്ധി കുടുംബം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.