| Sunday, 12th July 2020, 12:01 pm

രാജസ്ഥാനില്‍ മധ്യപ്രദേശ് ആവര്‍ത്തിക്കുമോ? പൈലറ്റിന്റെ തീരുമാനം എന്ത്?; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പോടെ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നത്.

രാജസ്ഥാന്‍ സര്‍ക്കാരിനുള്ളില്‍ പ്രതിസന്ധികളൊന്നുമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ നീക്കം പോലൊന്ന് രാജസ്ഥാനില്‍ സംഭവിക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്.

ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഈഗോ പ്രശ്‌നമാണ് ഈ ആശങ്കകളിലേക്കെത്തിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ വലിയ അകല്‍ച്ചയുണ്ടെന്നാണ് പലരും സമ്മതിക്കുന്നത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ രാജസ്ഥാനിലെത്തിയ ഒരു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണെന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് രാജസ്ഥാനിലും നടന്നുകൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. യുവ നേതാക്കള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തത് അവരെ ചൊടിപ്പിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെ അലട്ടുന്നുണ്ടെന്നാണ് വിവരം.

2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതു മുമ്പുതന്നെ ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്‌നം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു.

2013 ലെ ദയനീയ പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകള്‍ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്‌നമുണ്ടാക്കിയത്.

പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗെലോട്ട് ജെയ്പൂര്‍ സീറ്റ് മകന്‍ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവില്‍, രാജ്യസഭാ തെരഞ്ഞിടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഗെലോട്ട് ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിര്‍ത്താന്‍ ഗെലോട്ടിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്.

സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്കെത്തുന്നതില്‍ ഗെലോട്ടിന് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും സമീപ ദിവസങ്ങളില്‍ സച്ചിന്‍ പൈലറ്റ് യാതൊരു രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കും മുതിര്‍ന്നിട്ടില്ല. അദ്ദേഹത്തിന്റെ മൗനത്തെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൈലറ്റിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നാണ് ചില രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more