|

ഗെലോട്ട് - പൈലറ്റ് പോര് മുറുകുന്നു; ഖാര്‍ഗെയുടെ ആദ്യ കടമ്പ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തീയണക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മുന്നിലുള്ള അടുത്ത കടമ്പ രാജസ്ഥാനാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്ത് സച്ചിന്‍ പൈലറ്റ്-അശോക് ഗെലോട്ട് പോരിനെത്തുടര്‍ന്ന് ശക്തമായ ഗ്രൂപ്പിസമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെലോട്ടിനെ കൊണ്ടുവന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും എം.എല്‍.എമാരെ അണിനിരത്തി ഗെലോട്ട് തന്നെ ആ നീക്കം പൊളിച്ചു കയ്യില്‍കൊടുത്തു.

ഇത്തരത്തില്‍ കടുത്ത ആഭ്യന്തര രാഷ്ട്രീയം കലുഷിതമായ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നത് പുതുതായി കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട ഖാര്‍ഗെക്ക് വെല്ലുവിളിയാവുമെന്നത് സംശയമില്ലാത്ത കാര്യമാണ്.

ഗെലോട്ടും പൈലറ്റും തമ്മിലുള്ള പിരിമുറുക്കം അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒരു തരത്തിലുമുള്ള അനുനയ നീക്കങ്ങള്‍ക്കും ഇരുവിഭാഗങ്ങളും ഒരുക്കമല്ലെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.

സമയമാകുമ്പോള്‍ അവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ യുവ നേതാക്കള്‍ ക്ഷമയോടെയിരിക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റിനെ ഉന്നംവെച്ചുകൊണ്ട് ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ, ആര്‍.പി.എന്‍ സിങ്, ജിതിന്‍ പ്രസാദ തുടങ്ങിയ നേതാക്കളെ അവസരവാദികളെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആഞ്ഞടിച്ച ഗെലോട്ട് അവരെല്ലാം ചെറുപ്പത്തില്‍ തന്നെ കേന്ദ്രമന്ത്രിമാരായത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇടയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കാന്‍ നീക്കം നടത്തിയ പൈലറ്റിനുള്ള മറുപടിയെന്നോണമാണ് ഖാര്‍ഗെയുടെ ഉന്നംവെച്ചുള്ള പ്രതികരണം.

ഗെലോട്ടിന്റെ ഗൂഢ നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെങ്കിലും നിയമസഭയിലെ ഭൂരിപക്ഷം എം.എല്‍.എമാരും തന്നോടൊപ്പമാണ് എന്നുള്ളതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കരുത്ത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി ഗെലോട്ട് ദീര്‍ഘകാലം കൊണ്ട് അറിയപ്പെടുന്നുണ്ടെങ്കിലും, അധികാര കൊതികൊണ്ട് നടന്നുകൊണ്ടരിക്കുന്നതും, നടന്നതുമായ സംഭവവികാസങ്ങളോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന ഗെലോട്ടിന്റെ പിന്‍ഗാമിയെ നിയമിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അധികാരപ്പെടുത്തുന്ന പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേര്‍ത്ത ഔദ്യോഗിക നിയമസഭാ കക്ഷി യോഗത്തില്‍ രാജസ്ഥാനിലെ 82 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഗെലോട്ടിന്റെ വിശ്വസ്തന്‍ ശാന്തി ധരിവാളിന്റെ ജയ്പൂരിലെ വസതിയില്‍ അതേസമയം തന്നെ സമാന്തര യോഗം നടക്കുകയും ചെയ്തു.

Content Highlight: Rajasthan Congress crisis will be first challenge for New AICC President Mallikarjun Kharge