| Monday, 27th July 2020, 5:18 pm

'ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍മാരെല്ലാം ഇങ്ങനെയാണ്'; അവര്‍ നിരന്തരം ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നെന്ന് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരവെ ബി.ജെ.പിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍മാരെല്ലാം നിരന്തരം ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും തകര്‍ക്കുകയാണെന്ന് ചിദംബരം ആരോപിച്ചു.

രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയ പശ്ചാത്തലത്തിലാണ് ചിദംബരം വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

‘2014 മുതല്‍ ബി.ജെ.പി നിയമിച്ച ഗവര്‍ണര്‍മാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ സന്ദേശത്തെയും ആത്മാവിനെയും ആവര്‍ത്തിച്ച് ലംഘിക്കുകയാണ്. ഇതിലൂടെ പാര്‍ലമെന്ററി ജനാധിപത്യത്തെയും അതിന്റെ സമ്പ്രദായങ്ങളെയും സാരമായി ബാധിച്ചു’, ചിദംബരം പറഞ്ഞു.

അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയില്‍ സംഭവമുണ്ടായപ്പോള്‍ ചില വിധി പ്രസ്താവനകള്‍ സുപ്രീംകോടതി നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വിധിന്യായങ്ങളും നിയമങ്ങളും ഉണ്ടായിരുന്നിട്ടും രാജസ്ഥാന്‍ ഗവര്‍ണര്‍ സഭ ചേരാന്‍ അനുവദിച്ചില്ല. നിയമസഭാ സമ്മേളനം വിളിക്കുക എന്നത് മന്ത്രിമാരുടെ സ്വാഭാവികമായ അഭ്യര്‍ത്ഥനയായിരുന്നു’, ചിദംബരം കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ മിശ്രയ്ക്ക് സ്വന്തം വിവേചനാധികാരമില്ല. ചെയ്യുന്നത് തെറ്റാണെന്ന് ഗവര്‍ണറോട് പറയാനും നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെടാനും രാഷ്ട്രപതിക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്നും ചിദംബരം പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രപതി ശ്രദ്ധിക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ദ്രവീകരണം, ഭരണഘടനയുടെ ദ്രവീകരണം, ഭരണഘടനാ ലംഘനം എന്നിവയില്‍ ശരിയെന്താണോ അത് രാഷ്ട്രപതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ഗെലോട്ടിന്റെ ആവശ്യത്തിനെതിരെ ഗവര്‍ണര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ അപ്രസക്തവും അദ്ദേഹത്തിന്റെ അധികാരത്തിന് അതീതവുമാണെന്നും ചിദംബരം വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more