ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ കോളജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഡ്രസ്‌കോഡ് നടപ്പാക്കാനുള്ള നീക്കം വിവാദത്തിലേക്ക്. മാര്‍ച്ച് 4ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ സാരിയോ സല്‍വാറോ മാത്രമേ കോളജുകളില്‍ ധരിക്കാന്‍ പാടുള്ളൂ. ഷര്‍ട്ടും പാന്റുമാണ് ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ച വേഷം. സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
219 കോളജുകളിലേക്കാണ് സര്‍ക്കുലര്‍ അയച്ചത്. മാര്‍ച്ച് 12നകം പ്രതികരണം അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. യൂണിഫോമിന്റെ നിറം കോളജുകള്‍ക്ക് തീരുമാനിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളും സംഘടനകളും ഡ്രസ്‌കോഡിനെതിരെ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധവും പിന്തിരിപ്പനുമാണെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍) പ്രതികരിച്ചു. “എന്ത് ധൈര്യത്തിലാണ് ഇത്തരം അവര്‍ ഒരു നിര്‍ദ്ദേശത്തിലൂടെ വിദ്യാര്‍ത്ഥികളുടെ വസ്ത്രസ്വാതന്ത്ര്യം ഇല്ലാതാക്കിയത്. ജീന്‍സും സ്‌കര്‍ട്ടും ടീഷര്‍ട്ടും ധരിക്കുന്ന ഇന്നത്തെ പെണ്‍കുട്ടികളെ സാരിയിലും സല്‍വാറിലും തളച്ചിടുന്നത് അവരുടെ സ്വയം ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഇഷ്ടപ്പെട്ട പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ അവകാശമുള്ള അവരെ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് പരിഹാസ്യമാണ്- പി.യു.സി ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ് പറഞ്ഞു.
പെണ്‍കുട്ടികളെ നല്ലവളായും മോശക്കാരിയായും വേര്‍തിരിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് പുതിയ ഡ്രസ്‌കോഡ് എന്ന് പി.യു.സി ആരോപിച്ചു.
രാജസ്ഥാന്‍ വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ ലതകുമാരി ജയ്‌നും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. “ഏത് കാലത്താണ് നാം ജീവിക്കുന്നത്. നാളെ സര്‍ക്കാന്‍ പെണ്‍കുട്ടികളോട് മുഖപടം ധരിച്ച് വരാന്‍ പറയുമോ. നമ്മുടെ പെണ്‍കുട്ടികളെ പ്രാചീന കാലത്തേക്ക് തള്ളിവിടാനാണോ ഉദ്ദേശം” – ലത കുമാരി ചോദിച്ചു.