| Monday, 19th December 2022, 6:42 pm

എല്‍.പി.ജി സിലിണ്ടറിന് 500 രൂപ മാത്രം; വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: എല്‍.പി.ജി സിലിണ്ടറുകളുടെ വില വെട്ടി കുറക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

2023 ഏപ്രില്‍ 23 മുതല്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍(ബി.പി.എല്‍)ക്കും ഉജ്വല പദ്ധതിക്ക് കീഴില്‍ വരുന്നവര്‍ക്കും 500 രൂപാ നിരക്കില്‍ പാചകവാതകം ലഭ്യമാക്കുമെന്നാണ് അശോക് ഗെലോട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് അശോക് ഗെലോട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബി.ജെ.പിയുടെ ഉജ്വലാ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനവും ഗെലോട്ട് ഉയര്‍ത്തി.

‘അടുത്ത മാസത്തെ നിയമസഭാ സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിക്കും. അതിലെ ഒരൊറ്റ കാര്യത്തെ കുറിച്ച് മാത്രം ഞാന്‍ ഇപ്പോള്‍ പറയാം, ബാക്കിയെല്ലാം ബജറ്റ് അവതരിപ്പിക്കുമ്പോഴാകട്ടെ.

ഉജ്വല യോജന എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നാടകം അവതരിപ്പിച്ചിരുന്നു. എല്‍.പി.ജി കണക്ഷനും ഗ്യാസ് സ്റ്റൗവും നല്‍കാനായിരുന്നു ഇത്. പക്ഷെ ഇപ്പോള്‍ ആ സിലണ്ടറുകളൊക്കെ കാലിയാണ്. കാരണം, പദ്ധതി പ്രഖ്യാപിച്ച ശേഷം 400ല്‍ നിന്നും 1040 രൂപയായാണ് ഒരു സിലിണ്ടറിന്റെ വില വര്‍ധിച്ചത്.

ബി.പി.എല്ലിലോ അല്ലെങ്കില്‍ ഉജ്വലാ സ്‌കീമിനോ കീഴില്‍ വരുന്നവരെയും കുറിച്ച് ഞങ്ങള്‍ വിശദമായി പഠിക്കും. അതിനുശേഷം ഏപ്രില്‍ മുതല്‍ ഒന്നിന് 500 രൂപാ നിരക്കില്‍ വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ ഞങ്ങള്‍ നല്‍കും,’ ഗെലോട്ട് പറഞ്ഞു.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാചകവാതകത്തിന്റെ വില കുറക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നും ഗെലോട്ട് അറിയിച്ചിട്ടുണ്ട്.

വിലക്കയറ്റത്തിന്റെ ഭാരത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യവസ്തുക്കളുടെ വില കൂടുമ്പോള്‍ സര്‍ക്കാര്‍ ആ വില നിയന്ത്രിക്കാനുള്ള അവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

Content Highlight: Rajasthan CM Ashok Gehlot says the govt will provide LPG cylinder for 500 rupees

We use cookies to give you the best possible experience. Learn more