സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തി കേന്ദ്രം; 188 ലക്ഷം രൂപ അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
national news
സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തി കേന്ദ്രം; 188 ലക്ഷം രൂപ അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2019, 7:21 pm

ജയ്പൂര്‍: രാജസ്ഥാനില്‍ മദ്രസകള്‍ക്ക് 188 ലക്ഷം രൂപ അനുവദിച്ച് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. മദ്രസകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തിയതിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റെ തീരുമാനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂനപക്ഷത്തിലെ 5 കോടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു.50 ശതമാനം പെണ്‍കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുമെന്നുമായിരുന്നു മോദിയുടെ പ്രഖ്യാപനം.

മദ്രസകള്‍ പൊതു വിദ്യാഭ്യസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ സബ്ക വികാസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സലേഹ് മുഹമ്മദ് രംഗത്തെത്തിയിരുന്നു.

സബ്ക വിശ്വാസിലൂടെ എല്ലാ വിഭാഗക്കാരെയും ഒരുമിച്ച് ചേര്‍ക്കാമെന്ന വാഗ്ദാനം മോദി പാലിച്ചില്ലെന്നും മദ്രസക്ക് ധനസഹായം നിര്‍ത്തിയത് മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ന്യൂനപക്ഷ വികസനത്തിന് വേണ്ടി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും വിജയിച്ചിരുന്നില്ല. മദ്രസകള്‍ക്ക് 188 ലക്ഷം രൂപ സഹായധനം അനുവദിച്ച് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് നന്ദി’ സലേഹ് മുഹമ്മദ് അറിയിച്ചു.

കേന്ദ്രം മദ്രസകളില്‍ എല്‍.പി വിഭാഗത്തിന് 5000 രൂപയും യു.പി വിഭാഗത്തിന് 8000 രൂപയുമായിരുന്നു അനുവദിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ