ജയ്പൂര്‍: വസുന്ധരാ രാജെ സര്‍ക്കാറിന്റെ കാലത്ത് വിവിധ പദ്ധതികളുടെ ഭാഗമായി കോടിക്കണക്കിന് രൂപ ബി.ജെ.പി സര്‍ക്കാര്‍ ധൂര്‍ത്തടിച്ചെന്ന ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സര്‍ക്കാര്‍ സാമ്പത്തിക സഹായങ്ങള്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയായ ഭമാഷാ യോജനയുടെ ഭാഗമായി വിതരണം ചെയ്ത കാര്‍ഡുകള്‍ക്ക് വേണ്ടി 300 കോടിയിലേറെ രൂപ ചിലവഴിച്ചതിനെയും അശോക് ഗെഹ്‌ലോട്ട് ചോദ്യം ചെയ്തു.
ഇത്തരം വിഷയങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന സൂചനയും അദ്ദേഹം നല്‍കി. 300 കോടിയിലേറെ ചിലവഴിച്ച് വസുന്ധരാ രാജെയുടെ ചിത്രമുള്ള കാര്‍ഡുകളാണ് വിതരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗജന്യ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യാന്‍ തന്റെ സര്‍ക്കാറിന് 80 കോടി രൂപയാണ് ചിലവായത്. എന്നാല്‍ ബി.ജെ.പി ഇതിനായി 250 കോടിയാണ് ചിലവഴിച്ചത്. വിതരണം ചെയ്തത് ലാപ്‌ടോപ്പ് തുറന്നാല്‍ വസുന്ധരാ രാജെയുടെ ചിത്രം സ്‌ക്രീനില്‍ വരുന്ന ഇന്‍ബില്‍ട്ട് സോഫ്റ്റുവെയറോടുകൂടിയ ലാപ്‌ടോപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.