| Saturday, 1st June 2019, 3:18 pm

ലാല്‍ചന്ദ് കഠാരിയയുടെ രാജി തള്ളി അശോക് ഗെലോട്ട്: തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയുടെ രാജി തള്ളി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു കൃഷി മന്ത്രി ലാല്‍ചന്ദ് കഠാരിയ രാജിക്കൊരുങ്ങിയത്.

വെള്ളിയാഴ്ച്ചയായിരുന്നു ലാല്‍ചന്ദ് കഠാരിയ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍ രാജി തള്ളുകയാണ് ഉണ്ടായത്.
നല്ല ഭരണം കാഴ്ച്ചവെച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും കഠാരിയ പറഞ്ഞിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രണ്ട് മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ അശോക് ഗെലോട്ടിനും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും പി ചിദംബരത്തിനുമെതിരെ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

മൂവരും മക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നിര്‍ബന്ധം പിടിച്ചെന്നും അതില്‍ മാത്രമാണ് താല്‍പര്യം കാണിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മന്ത്രിമാര്‍ രാഹുല്‍ പറഞ്ഞതിനെ പിന്തുണച്ച് ഗെഹ്ലോട്ടിനെതിരെയും രംഗത്തെത്തിയത്.

സഹകരണ മന്ത്രി ഉദയ് ലാല്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രമേഷ് ചന്ദ് മീണ എന്നിവരാണ് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി വന്നത്.

We use cookies to give you the best possible experience. Learn more