സോണിയയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് അശോക് ഗെലോട്ട്; അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാനം നല്‍കും
national news
സോണിയയുടെ വാക്കുകള്‍ പിന്തുടര്‍ന്ന് അശോക് ഗെലോട്ട്; അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാനം നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 6:14 pm

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങി പോവുന്ന അതിഥി തൊഴിലാളികളുടെ റെയില്‍വേ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

തൊഴിലാളികളില്‍ നിന്ന് പണമീടാക്കുന്ന നടപടിക്കെതിരെ വിവിധ തുറകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടക, ബീഹാര്‍ സംസ്ഥാനങ്ങള്‍ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രണ്ട് കോടി രൂപ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കിയിരുന്നു.

ബീഹാറില്‍ നിന്ന് പോകുന്ന തൊഴിലാളികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നും അല്ലെങ്കില്‍ ആര്‍.ജെ.ഡി നല്‍കാമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് ബാഹാര്‍ സര്‍ക്കാരും തീരുമാനം പ്രഖ്യാപിച്ചത്.

100 കോടി രൂപ ചെലവിട്ട് ഡൊണാള്‍ഡ് ട്രംപിന് സ്വീകരണമൊരുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കുന്നില്ലെന്നും സോണിയാ ഗാന്ധി ചോദിച്ചിരുന്നു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നല്‍കിയ റെയില്‍വേയുടെ കൈവശവും പണമില്ലേ എന്നും അവര്‍ ആരാഞ്ഞു.

മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അല്ലായിരുന്നെങ്കില്‍ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഇത്രയധികം പേര്‍ ഒരുമിച്ച് കൂട്ടപാലായനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗത്ത് തിരികെ മടങ്ങാന്‍ പണമില്ലാത്തതുകൊണ്ട് മാത്രം ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും സോണിയ ?ഗാന്ധി പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവശ്യക്കാരായ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

മൂന്നാം ഘട്ടവും ലോക്ക് ഡൗണ്‍ നീട്ടിയതോടെയാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പാടാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.