| Sunday, 29th January 2023, 1:07 am

'ബി.ബി.സി ഡോക്യുമെന്ററി മൊബൈല്‍ ഫോണില്‍ കണ്ടു'; രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികളടക്കം 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെയ്പൂര്‍: രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാലയില്‍ ബി.ബി.സി ഡോക്യുമെന്ററി കണ്ടതിന് 11 വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തതായി പരാതി. ക്യാമ്പസിനകത്ത് വെച്ച് മൊബൈല്‍ ഫോണ്‍ വഴി ഡോക്യുമെന്ററി കണ്ടതിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ടായത്.

സസ്‌പെന്റ് ചെയ്യപ്പെട്ട 11 വിദ്യാര്‍ത്ഥികളില്‍ 10 പേരും മലയാളികളാണ്. ജനുവരി 26നാണ് ഡോക്യുമെന്ററി കണ്ടതെന്നും, തുടര്‍ന്ന് 27ാം തീയതി തങ്ങളെ സസ്‌പെന്റ് ചെയ്‌തെന്നറിയിച്ചുള്ള നോട്ടീസ് ശനിയാഴ്ചയാണ് ലഭിച്ചതെന്നും നടപടി നേരിട്ട വിദ്യാര്‍ത്ഥകളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഭവം നടന്ന ദിവസം ഒരു വിഭാഗം തങ്ങളെ ഹോസ്റ്റലില്‍ കയറി അക്രമിച്ചു. യൂണിവേഴ്‌സിറ്റി ഗൈഡ്‌ലൈന്‍സില്‍ പറയാത്ത, വാലിഡ് അല്ലാത്ത സെക്ഷന്‍സ് ഉപയോഗിച്ചാണ് അധികൃതര്‍ നടപടി സ്വീകരിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

‘ഞങ്ങള്‍ ക്യാമ്പസിനകത്ത് മൊബൈല്‍ ഫോണിലാണ് ഡോക്യുമെന്ററി കണ്ടത്. അത് തുടങ്ങി പകുതിയായപ്പോഴേക്കും നിങ്ങള്‍ എന്താണ് കാണുന്നതെന്ന് പറഞ്ഞ് സെക്യൂരിറ്റീസ് ഒക്കെ ഇടപെട്ടു. ഇതിനിടയില്‍ കുറച്ചാളുകള്‍ ജയ് ശ്രീറാം വിളിച്ചെത്തി ഞങ്ങളെ ഭീഷണിപ്പെടുത്തി.

ഹോസ്റ്റല്‍ അതിക്രമിച്ച് ഹിന്ദുത്വ ഗ്രൂപ്പുകള്‍ സ്ഥാപിച്ച കൊടി

തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ക്യാമ്പസിലെത്തുകയും, അവിടുന്ന് പോകാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഞങ്ങളുടെ ക്യാമ്പസില്‍ നിന്ന് എന്തിന് പോകണമെന്ന് ഞങ്ങള്‍ ചോദിച്ചു. പിന്നീട് വീഡിയോ കാണുന്നത് നിര്‍ത്തി ഞങ്ങള്‍ അവിടത്തന്നെ ഇരിക്കുകയും ചെയ്തു. ഇതൊക്കെ അവിടുത്തെ സെക്യൂരിറ്റി ഗാര്‍ഡ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ജയ്ശ്രീ റാം വിളിച്ചത് ഞങ്ങളും റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്നാണ് ഞങ്ങള്‍ പിരിഞ്ഞുപോയത്. ഞങ്ങള്‍ ഡോക്യുമെന്ററി കണ്ടത് എന്തെങ്കിലും സമരത്തിന്റെയോ ഓര്‍ഗനൈസേഷന്റേയോ ഭാഗമായിട്ടായിരുന്നില്ല,’ വിദ്യാര്‍ത്ഥികളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തുടര്‍ന്ന് ഒരു വിഭാഗം മാസ്‌ക്ക് അണിഞ്ഞ് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറി അതിക്രമിക്കുകയായിരുന്നു. ഡോക്യൂമെന്ററി കണ്ടവര്‍ രാജ്യവിരുദ്ധരാണെന്ന് പറഞ്ഞായിരുന്നു അക്രമണം. ഡോക്യൂമെന്ററി കണ്ടവരെ സസ്‌പെന്റ് ചെയ്യണമെന്ന് അവര്‍ ആവശ്യമുന്നയിച്ചിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിവരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Content Highlight: Rajasthan Central University suspends 11 students for watching BBC documentary

We use cookies to give you the best possible experience. Learn more