| Sunday, 20th October 2019, 5:31 pm

രാജസ്ഥാനില്‍ ത്രികോണപ്പോര്; വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ്; ബി.ജെ.പിക്ക് പരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ പ്രധാനമായും ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ടവ, കിസ്വാര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 12 സ്ഥാനാര്‍ത്ഥികളാണ് ഇരു മണ്ഡലങ്ങളില്‍ നിന്നുമായി വോട്ട് തേടുന്നത്. കിസ്വാര്‍ നഗര്‍ എംഎല്‍.എ ഹനുമാന്‍ ബെനിവാളും മണ്ടവ എം.എല്‍.എ നരേന്ദ്ര കുമാറും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡിസംബറില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് മൂന്നാമത്തെ പരീക്ഷണമാണ്. കാരണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 25 സീറ്റും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ നടന്ന പഞ്ചായത്ത് സമിതി, സില പരിഷത് ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു.

മണ്ടവയില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ ചാധരിയുടേയും മകളായ റിത ചാധരിയെയും കിസ്വറില്‍ വളരെ സ്വാധീനമുള്ള മിര്‍ദ കുടുംബത്തിലെ അംഗവും മുന്‍ മന്ത്രിയുമായ ഹരിന്ദ്ര മിര്‍ദയെയുമാണ് മത്സരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മണ്ഡവയില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നത് സുശീയ സിഗ്രയെയാണ്. ക്സിവറില്‍ എം.പി ഹനുമാന്‍ ബെനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിയുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

‘ഞങ്ങള്‍ ഉപതെരഞ്ഞെടുപ്പിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. രണ്ട് സീറ്റിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതില്‍ സംശയമില്ല’ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നപ്പോള്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തിരിക്കുമ്പോള്‍ തോല്‍വി നേരിടാന്‍ തക്ക സാഹചര്യങ്ങളൊന്നും മണ്ഡലത്തില്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ബി.ജെ.പി അധ്യക്ഷന് ഉപതെരഞ്ഞെടുപ്പ് ഒരു പരീക്ഷണമാണ്. ജാട്ട് സമുദായത്തില്‍ നിന്നുള്ള വ്യക്തി കൂടിയാണ് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അധ്യക്ഷന്‍ സതീഷ് പൂനിയ.

‘ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഗതികെട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കി വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു’ പൂനിയ വ്യക്തമാക്കി.

സംസ്ഥാനത്ത് കടുത്ത ഉപതെരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. വെള്ളിയാഴ്ച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റയും സച്ചിന്‍ പൈലെറ്റിന്റേയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് റാലി നടത്തിയപ്പോള്‍ സതീഷ് പൂനിയയുടേയും എം.പി ഹേമ മാലിനിയുടേയും നേതൃത്വത്തില്‍ ബി.ജെ.പിതെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചു. ഹനുമാന്‍ ബെനവാളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ സജീവമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയാണ് കിസ്വാര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

രാജസ്ഥാനിലെ 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 106 എം.എല്‍.എമാരാണ് ഉള്ളത്. അതില്‍ കഴിഞ്ഞ മാസം ബി.എസ്.പി വിട്ട് കോണ്‍ഗ്ര്സില്‍ ചേര്‍ന്നവരും ഉള്‍പ്പെടുന്നു. ബി.ജെ.പിക്ക് 72 എം.എല്‍.എ മാരാണ് ഉള്ളത്. സി.പി.ഐ.എം, ആര്‍.എല്‍.പി, ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും രണ്ട് എം.എല്‍.എമാരും രാഷ്ട്രീയ ലോക്ദളിനും കോണ്‍ഗ്രസ് സഖ്യത്തിലുള്ള പാര്‍ട്ടിക്കും ഓരോ എം.എല്‍.എ മാരും 13 സ്വതന്ത്ര എം.എല്‍.എ മാരുമാണ് ഉള്ളത്.

ഒക്ടോബര്‍ 21 തിങ്കളാഴ്ച്ചയാണ് രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more