ജയ്പൂര്‍:രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വിശ്വാസ വോട്ടെടുപ്പില്‍ വിട്ടുനിന്ന നാല് പാര്‍ട്ടി എം.എല്‍.എമാരെ ബി.ജെ.പി വിളിച്ചുവരുത്തി.
നിയമസഭയിലെ അഭാവത്തിന് വിശദീകരണം തേടാനാണ് ബി.ജെ.പി നാല് എം.എല്‍.എമാരേയും വിളിച്ചു വരുത്തിയത്. ഗുലാബ് ചന്ദ് കട്ടാരിയയുമായി എം.എല്‍.എമാര്‍ വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നടത്തിയത്.
ബി.ജെ.പി എം.എല്‍.എമാരായ ഗോപി ചന്ദ് മീണ,കൈലാഷ് ചന്ദ്ര മീണ,ഹരേന്ദ്ര നിനാമ, ഗോതം ലാല്‍ എന്നിവര്‍ക്ക് ബി.ജെ.പി വിപ്പ് നല്‍കിയിരുന്നെങ്കിലും വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ബി.ജെ.പി ഗുജറാത്തിലേക്ക് മാറ്റിയ 18 എം.എല്‍.എമാരില്‍ ഈ നാല് പേരും ഉള്‍പ്പെട്ടിരുന്നു.
സംഭവത്തില്‍ എം.എല്‍.എമാരുടെ മറുപടി വിലയിരുത്തിയ ശേഷം എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നാണ് രാജസ്ഥാന്‍ ബി.ജെ.പി നേതൃത്വം പറഞ്ഞിരിക്കുന്നത്.
ഒരുമാസക്കാലത്തോളം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ആഗസ്റ്റ് 14 ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ നടത്തിയ വിശ്വാസവോട്ടെടുപ്പില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വിജയിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.
കോണ്‍ഗ്രസിലെ പ്രതിസന്ധി തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും വസുന്ധര രാജെയുടെ മൗനംമൂലം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയവും എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും ബി.ജെ.പിക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരുന്നു.