| Saturday, 8th August 2020, 6:09 pm

രാജസ്ഥാനില്‍ ഇപ്പോള്‍ പേടി ബി.ജെ.പിക്ക്, എം.എല്‍.എമാരെ ഗുജറാത്തിലേക്ക് മാറ്റി; തീര്‍ത്ഥാടനത്തിന് പോവുകയാണെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാജസ്ഥാനില്‍ പ്രതിസന്ധികള്‍ തുടരവെ, കൂറുമാറല്‍ ഭീതിയില്‍ ബി.ജെ.പി. ഇതോടെ ആറ് എം.എല്‍.എമാരെ ബി.ജെ.പി രാജസ്ഥാനില്‍നിന്നും ഗുജറാത്തിലേക്ക് മാറ്റി. ജയ്പൂരില്‍നിന്നും പോര്‍ബന്തറിലേക്കാണ് എം.എല്‍.എമാരെ മാറ്റിയിരിക്കുന്നതെന്നാണ് വിവരം.

23 എം.എല്‍.എമാരെയാണ് ബി.ജെ.പി രാജസ്ഥാനില്‍നിന്നും ഗുജറാത്തിലേക്ക് ഇതുവരെ മാറ്റിയിട്ടുള്ളത്. ഇവരില്‍ 18 പേര്‍ പോര്‍ബന്തറിലാണ്. കോണ്‍ഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും എം.എല്‍.എമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പേടിയിലാണ് ബി.ജെ.പിയെന്നാണ് വിവരം. ഇത് തടയാന്‍ 40 എം.എല്‍.എമാരെയാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

പോര്‍ബന്തറിലെ ലക്ഷ്വറി ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്.

പൊലീസും കോണ്‍ഗ്രസും സര്‍ക്കാരും തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും എം.എല്‍.എമാര്‍ ഒരു തീര്‍ത്ഥാടനത്തിന് പോവുകയാണെന്നുമാണ് ശനിയാഴ്ച പോര്‍ബന്തറിലേക്ക് പോയ എം.എല്‍.എമാര്‍ക്കൊപ്പമുള്ള മറ്റൊരു ബി.ജെ.പി എം.എല്‍.എയായ അശോക് ലഹോത്തി പ്രതികരിച്ചത്. ‘ചില ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉപദ്രവത്തിന് ഇരയാക്കപ്പട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവരൊരു തീര്‍ത്ഥാടനത്തിന് പോവുകയാണ്’ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയ ശേഷം ലഹോത്തി മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍മല്‍ കുമാവത്, ഗോപീചന്ദ് മീണ, ജബ്ബാര്‍ സിങ് സങ്ക്‌ള, ധരംവീര്‍ മോച്ചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുരുദീപ് സിങ് ഷപാനി എന്നിവരെയാണ് ശനിയാഴ്ച ജയ്പൂരില്‍നിന്നും പോര്‍ബന്തറിലേക്ക് മാറ്റിയത്. വിമാനത്തില്‍ ആറ് എം.എല്‍.എമാര്‍ ഉണ്ടായിരുന്നെന്ന് വിമാന അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more