| Monday, 11th March 2024, 11:19 pm

രാഹുല്‍ കസ്വാന്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക്; ഇതിനര്‍ത്ഥം സംഘപരിവാര്‍ തീര്‍ന്നുവെന്നാണെന്ന് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി എം.പി രാഹുല്‍ കസ്വാന്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക്. രാഷ്ട്രീയ കാരണങ്ങളാല്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും രാജി വെക്കുന്നതായി രാഹുല്‍ കസ്വാന്‍ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കസ്വാന്റെ പാര്‍ട്ടിമാറ്റം. രണ്ട് തവണ ബി.ജെ.പി ടിക്കറ്റില്‍ എം.പിയായ വ്യക്തിയാണ് രാഹുല്‍ കസ്വാന്‍. ചുരു മണ്ഡലത്തില്‍ നിന്ന് 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് കസ്വാന്‍ ഇവിടെ നിന്ന് രണ്ട് തവണ വിജയിച്ചത്.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജേന്ദ്ര റാത്തോഡിന്റെ താരാനഗറിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് കസ്വാനെ സ്തനാര്‍ത്ഥിത്വത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിരുന്ന രാഹുല്‍ കസ്വാനെ പോലെയുള്ള നേതാക്കള്‍ പാര്‍ട്ടി വിടുകയാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം സംഘപരിവാര്‍ തീര്‍ന്നുവെന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ചുരു മണ്ഡലത്തില്‍ ബി.ജെ.പിയില്‍ നിന്ന് ഇത്തവണ മത്സരിക്കുന്നത് ദേവേന്ദ്ര ജജാരിയയാണ്. ഇതിനെല്ലാംപുറമെ ഹിസാറില്‍ നിന്നുള്ള ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കസ്വാന്റെ രാജി.

Content Highlight: Rajasthan BJP MP Rahul Kaswan has left the party and joined the Congress

We use cookies to give you the best possible experience. Learn more