ജയ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. ദൗസ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയും മുന്‍ രാജസ്ഥാന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ദല്‍ഹി എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഹരീഷ് മീണയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹരീഷ് മീണയ്ക്ക് അംഗത്വം നല്‍കി.
തെരഞ്ഞെടുപ്പില്‍ താനും അശോക് ഗെഹ്‌ലോട്ടും മല്‍സരിക്കുമെന്നും നേതാക്കളല്ല പാര്‍ട്ടിയുടെ വിജയമാണ് പ്രധാനമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജാസ്ഥാനില്‍ നേരത്തേയും ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ജലവിഭവ വകുപ്പ് മന്ത്രി സുരേന്ദ്ര ഗോയല്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ സുരേഷ് ഗോയലിന് ഇടംപിടിക്കാനാവാത്തതാണ് രാജിയിലേക്ക് നയിച്ചത്.
പാലി ജില്ലയിലെ ജയ്തരണ്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ച ഗോയലിന് പകരം ഇത്തവണ അവിനാശ് ഗെഹ്ലോട്ടിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. കടുത്ത ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ശ്രമിക്കുന്ന രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ 25 പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെടുന്ന മന്ത്രിമാരില്‍ ആദ്യത്തെയാളാണ് സുരേഷ് ഗോയല്‍. ഗോയലിന്റെ അടുത്ത നീക്കം വ്യക്തമായിട്ടില്ല.