| Monday, 25th June 2018, 5:49 pm

'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ മുതിര്‍ന്ന ബി.ജെ.പി നേതാവായ ഘനശ്യാം തിവാരി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കാണ് രാജി നല്‍കിയത്. സംസ്ഥാനത്തും രാജ്യമൊട്ടാകെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കത്തില്‍ തിവാരി പറഞ്ഞു.

വസുന്ധര രാജെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയ തിവാരിക്ക് രാജസ്ഥാന്‍ ബി.ജെ.പി നോട്ടീസയച്ചിരുന്നു. മാഫിയകള്‍ക്കും സ്തുതിപാഠകര്‍ക്കും സംസ്ഥാന ബി.ജെ.പി വഴിമാറിയെന്ന് ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു നോട്ടീസ്.

ഉന്നത ജാതിക്കാര്‍ക്ക് സംവരണം ആവശ്യപ്പെടുന്ന നേതാവാണ് ഘനശ്യാം തിവാരി.

തിവാരിയുടെ മകന്‍ അഖിലേഷ് “ഭാരത് വാഹിനി പാര്‍ട്ടി” എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. സംസ്ഥാനത്തെ 200 സീറ്റുകളിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

അഞ്ചു തവണ എം.എല്‍.എയായ തിവാരി സങ്കനെറിലെ നിയമസഭാ മണ്ഡലത്തിലെ നിലവിലെ എംഎല്‍എയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ മകന്റെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തിവാരി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more