ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് നേതാവ് റഫീഖ് ഖാനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് ബി.ജെ.പി എം.എൽ.എ. ബി.ജെ.പി എം.എൽ.എയായ ഗോപാൽ ശർമയാണ് കോൺഗ്രസ് ചീഫ് വിപ്പും മുതിർന്ന നേതാവുമായ റഫീഖ് ഖാനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
നഗരവികസനം, ഭവനനിർമാണം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവയ്ക്കുള്ള ഗ്രാന്റുകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. കോൺഗ്രസ് നേതാവിനോടുള്ള ബി.ജെ.പി എം.എൽ.എയുടെ പെരുമാറ്റത്തിൽ കോൺഗ്രസ് എം.എൽ.എമാരുടെ കടുത്ത എതിർപ്പ് ഉയർന്നു. ഇത് സഭയിൽ ബഹളത്തിനിടയാക്കി.
ആദർശ് നഗർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റഫീഖ് ഖാൻ, കോൺഗ്രസ്, ബി.ജെ.പി സർക്കാരുകളുടെ കാലത്തെ നഗരവികസന ശ്രമങ്ങളെയും നേട്ടങ്ങളെയും താരതമ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് തർക്കം ആരംഭിച്ചത്. ചർച്ച പുരോഗമിക്കുമ്പോൾ, സിവിൽ ലൈൻസ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗോപാൽ ശർമയെക്കുറിച്ച് റഫീഖ് ഖാൻ പരോക്ഷമായ പരാമർശം നടത്തി. പിന്നാലെ ഗോപാൽ ശർമ അദ്ദേഹത്തെ പാകിസ്ഥാനി എന്ന് വിളിക്കുകയായിരുന്നു.
പിന്നാലെ നിയമസഭാ അധ്യക്ഷൻ സന്ദീപ് ശർമ ഇടപെട്ട് ഗോപാൽ ശർമയോട് ഇരിക്കാൻ ആവശ്യപ്പെട്ടു. ഗോപാൽ ശർമയുടെ പെരുമാറ്റത്തിൽ പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി വിമർശനം ഉന്നയിച്ചു.
‘കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി ചീഫ് വിപ്പ് ശ്രീ റഫീഖ് ഖാനെതിരേ സിവിൽ ലൈൻസ് എം’എൽ.എ ഗോപാൽ ശർമ നടത്തിയ പരാമർശം അസംബന്ധവും താഴ്ന്നതുമാണ്. ബി.ജെ.പി നേതാക്കൾ ദിനംപ്രതി അവരുടെ പ്രസ്താവനകളുടെ നിലവാരം താഴ്ത്താൻ മത്സരിക്കുന്നു. നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങളും റോഡിൽ നടത്തുന്ന പ്രസംഗങ്ങളും തമ്മിൽ ഒരു വ്യത്യാസവും അവർ കാണുന്നില്ല.
റഫീഖ് ഖാൻ ശെഖാവതിയിൽ നിന്നാണ് വരുന്നതെന്ന് അവർ മറക്കുന്നു, അവിടെ എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾ ഇന്ത്യൻ സൈന്യത്തിൽ ചേരുകയും ഈ രാജ്യത്തിനായി അഭിമാനത്തോടെ ജീവൻ ത്യജിക്കുകയും ചെയ്യുന്നു. നിയമസഭാ സ്പീക്കർ ശ്രീ വാസുദേവ് ദേവ്‌നാനിയും സഭാനേതാവ് ശ്രീ ഭജൻലാൽ ശർമയും ഇത് മനസിലാക്കി എം.എൽ.എയ്‌ക്കെതിരെ നടപടിയെടുക്കണം. ഇത്തരം പരാമർശങ്ങൾ അസഹനീയവും അപലപനീയവുമാണ്. ,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇതാദ്യമായല്ല ശർമ ഖാനെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. കഴിഞ്ഞ വർഷം ജയ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ ഒരു സെഷനിൽ, റഫീഖ് ഖാൻ ജയ്പൂരിനെ ഒരു ‘മിനി-പാകിസ്ഥാൻ’ ആക്കുമെന്ന് ശർമ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട മുൻകാല സംഭവങ്ങൾ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Content Highlight: Rajasthan BJP MLA calls Congress leader Rafeek Khan ‘Pakistani’ in Assembly