ജയ്പൂര്‍: സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ നടത്തിയ വംശീയ പരാമര്‍ശത്തിന് മാപ്പ് ചോദിച്ച് രാജസ്ഥാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ.
കറുത്ത നിറമുള്ള ഒരുവളെ മേക്ക് അപ് ധരിപ്പിച്ച സുന്ദരിയാക്കിയതിന് സമാനമാണ് സംസ്ഥാന ബജറ്റ് എന്നായിരുന്നു പൂനിയ പറഞ്ഞത്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് അശോക് ഗെഹ്‌ലോട്ട് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്‌നു പൂനിയയുടെ പ്രതികരണം.
‘ഇത് വെറും ചായം തേച്ച് മിനുക്കിയ ബജറ്റ് ആണ്. കറുത്ത നിറമുള്ള ഒരുവളെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി എപ്രകാരമാണോ മേക്ക് അപ് ധരിപ്പിച്ച് സുന്ദരിയാക്കി അവതരിപ്പിക്കുന്നത്, അതിന് സമാനമാണ് സംസ്ഥാന ബജറ്റ്,’ എന്നായിരുന്നു പൂനിയ പറഞ്ഞത്.
എന്നാല്‍, പൂനിയയുടെ വംശീയ-സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്. സ്ത്രീകളെ അധിക്ഷേപിക്കാന്‍ സംസ്ഥാന ബി.ജെ.പി ശ്രമിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പൂനിയക്കെതിരെ ആഞ്ഞടിച്ചിരുന്നു.
‘ഞാന്‍ ബജറ്റിനെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ അറിയാതെ പെട്ടന്ന് ചില വാക്കുകള്‍ പറഞ്ഞു പോയി. സാധാരണ അത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍.
എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,’ പൂനിയ ക്ഷമാപണത്തില്‍ പറഞ്ഞു.
രാജസ്ഥാന്‍ പി.സി.സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ രഹന റയാസ് തുടങ്ങിയവരും പൂനിയയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
‘സതീഷ് പൂനിയ സ്ത്രീകളെ മാത്രമല്ല, അവരുടെ ആത്മാഭിമാനത്തിനെ കൂടിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെയും സഹോദരിമാരെയും അപമാനിക്കുക എന്നത് ഇപ്പോള്‍ ബി.ജെ.പി നേതാക്കളുടെ മുഖമുദ്രയായി മാറിയിരിക്കുകയാണ്,’ ഗോവിന്ദ് സിംഗ് പറഞ്ഞു.
‘സ്ത്രീകളോടുള്ള ബഹുമാനമാണ് എല്ലാത്തിനേക്കാളും പരമപ്രധാനം. ബജറ്റിനെ വിമര്‍ശിക്കുന്നതിനിടയില്‍ സ്ത്രീകള്‍ക്കെതിരെ സതീഷ് പൂനിയ ജി നടത്തിയ വംശീയ പരാമര്‍ശം ഉചിതമല്ല. സ്ത്രീകളെ ബഹുമാനിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്,’ എന്നായിരുന്നു ഗെഹ്‌ലോട്ടിന്റെ ഒ.എസ്.ഡി (ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി) പൂനിയയുടെ വാക്കുകളോട് പ്രതികരിച്ചത്.