| Tuesday, 16th May 2017, 11:23 am

'ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്': ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ ഘന്‍ശ്യാം തിവാരി. പാദസേവകരുടെയും മാഫിയക്കൂട്ടങ്ങളുടെയും കേന്ദ്രമായി പാര്‍ട്ടി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വം തുടരുന്നിടത്തോളം കാലം തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്ര കമ്മിറ്റി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായാണ് രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഘന്‍ശ്യാം തിവാരി ആഞ്ഞടിച്ചത്.


Must Read: എം.പി ഫണ്ടായി അഞ്ച് കോടി ലഭിച്ചപ്പോള്‍ സുരേഷ് ഗോപി ചിലവിട്ടത് 72 ലക്ഷം; ഒരു രൂപ പോലും ചിലവാക്കാതെ കെ. സോമപ്രസാദ്; എം.പിമാരുടെ ഫണ്ട് വിനിയോഗം ഇങ്ങനെ


രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് എതിരെയാണ് തിവാരി ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നാണക്കേടിന്റെ കാര്യത്തില്‍ രാജസ്ഥാന് പുതിയ റെക്കോര്‍ഡ് നല്‍കിയിരിക്കുകയാണ് വസുന്ധര രാജെയന്നും അദ്ദേഹം അദ്ദേഹം കുറ്റപ്പെടുത്തി. “ഈ മുഖ്യമന്ത്രിക്ക് നിങ്ങള്‍ പാര്‍ട്ടിയെ തീറെഴുതിക്കൊടുത്തിരിക്കുകയാണോ” എന്നും അദ്ദേഹം ചോദിക്കുന്നു.

പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതിന്റെയും പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന്റെയും പേരിലാണ് തിവാരിക്കെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കേന്ദ്ര കമ്മിറ്റി നോട്ടീസ് ആവശ്യപ്പെട്ടത്.

അതേസമയം തന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതെന്നാണ് ഘന്‍ശ്യാം തിവാരി പറയുന്നത്. 2015 ഒക്ടോബറില്‍ ജയ്പൂരില്‍ നടന്ന പാര്‍ട്ടി പരിശീലന ക്യാമ്പു മുതല്‍ ഇത്തരം യോഗങ്ങളില്‍ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Also Read: ‘ഉച്ചക്കഞ്ഞിയിലും നമ്പര്‍ വണ്‍ കേരളം’ : ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കേരളത്തിലേത് 


“മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടി എന്നെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. എല്ലാ ഘട്ടത്തിലും എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഈ നോട്ടീസ് അയക്കുന്നതിനു മുമ്പ് നിങ്ങള്‍ക്ക് എന്നെ വിളിക്കാമായിരുന്നു. എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കാമായിരുന്നു. എന്നോട് സംസാരിക്കുക പോലും ചെയ്യാതെ നിങ്ങള്‍ എനിക്കു നോട്ടീസ് അയച്ചു. അത് മാധ്യമങ്ങള്‍ വഴി പരസ്യമാക്കി.” തിവാരി പറയുന്നു.

സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച തിവാരി കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശയുണ്ടെന്നും പറഞ്ഞു. സംഗനര്‍ എം.എല്‍.എയാണ് തിവാരി.

We use cookies to give you the best possible experience. Learn more