'കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്നു'; പഞ്ചാബിന് പിന്നാലെ കാര്‍ഷിക നിയമത്തെ പ്രതിരോധിക്കാന്‍ ഛത്തീസ്ഗഢും
national news
'കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കുന്നു'; പഞ്ചാബിന് പിന്നാലെ കാര്‍ഷിക നിയമത്തെ പ്രതിരോധിക്കാന്‍ ഛത്തീസ്ഗഢും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 9:04 am

റായ്പൂര്‍: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ശനിയാഴ്ച പറഞ്ഞു.

‘കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായാണ് പഞ്ചാബ് നിയമസഭയില്‍ ബില്ലുകള്‍ പാസാക്കിയത്. രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളും ബില്ലുകള്‍ കൊണ്ട് വരാന്‍ പോവുകയാണ്,’ ഭൂപേഷ് ബാഗല്‍ പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷകരെ കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയാണ് കേന്ദ്രം പുതിയ കാര്‍ഷിക നയത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി വില ഈ നിമങ്ങള്‍ വഴി കൊള്ളയടിക്കപ്പെടുമെന്നും അതിനുദാഹരണമാണ് മൂന്ന് മാസം മുമ്പ് കിലോ 40 രൂപയ്ക്ക് വിറ്റ് കൊണ്ടിരുന്ന ഉള്ളിവില ഇപ്പോള്‍ ഇരട്ടി വിലയായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ സമാനമായ രീതിയില്‍ ബില്ലിനെ പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരായ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന മാതൃക പിന്തുടരുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബ് ആണ് കേന്ദ്രം നടപ്പാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസാക്കുന്ന സംസ്ഥാനം. ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെയ്പ്പ് പരിശോധിക്കുന്നതിനും താങ്ങുവില സംരക്ഷിക്കുന്നതിനുമായി കൊണ്ട് വന്ന ബില്ലുകള്‍ ഏകകണ്ഠമായാണ് പഞ്ചാബ് നിയമസഭയില്‍ പാസായത്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞത്.

പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajasthan and Chhattisgarh will defend as same as Punjab Government Passed bill against farm laws