[] ന്യൂദല്‍ഹി: 108 ആംബുലന്‍സ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുള്‍പ്പടെയുളള പ്രമുഖര്‍ പ്രതിപ്പട്ടികയില്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ജയ്പൂര്‍ മുന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പോലീസ് പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ്
ക്രൈംബ്രാഞ്ചിന് കൈമാറും.
2009ലാണ് എന്‍.ആര്‍.എച്ച്.എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 108 ആംബുലന്‍സുകള്‍ രാജസ്ഥാന് ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന കാരണത്താല്‍ നടത്തിപ്പ് ചുമതല സികിറ്റ്‌സാ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന മുംബൈ ആസ്ഥാനമായുള്ള കമ്പനിക്ക് സര്‍ക്കാര്‍ കൈമാറി.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതി പ്രകാരം ആംബുലന്‍സ് സര്‍വീസ് നടത്താന്‍ ഈ കമ്പനിയ്ക്ക് അനുമതി നല്‍കിയ നടപടി സുതാര്യമല്ലെന്നും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ അനുമതി നേടിയതെന്നുമാണ് പരാതിയിലെ ആരോപണം.
കരാര്‍ അനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം ഓടേണ്ടത് 2000 കിലോമീറ്ററാണ്. ഇതിന് 1,60,000 രൂപ സര്‍ക്കാര്‍ നല്‍കും. അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കുമെന്നും കരാറിലുണ്ട്. ഈ വ്യവസ്ഥ മുതലെടുത്ത് കമ്പനി സര്‍ക്കാരിനെ കബളിപ്പിച്ചു എന്നാണ് ആരോപണം.
ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകള്‍ അധികദൂരം ഓടിയെന്നു കാണിച്ചുകൊണ്ട് സര്‍ക്കാരില്‍ നിന്നും വന്‍തുക പ്രതിഫലം വാങ്ങിയിരുന്നു. അതേസമയം, താന്‍ മുഖ്യമന്ത്രിയായിരുന്നു കാലഘട്ടത്തില്‍ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് രാജസ്ഥാന്‍ പോലീസ് പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 2.56 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.