സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകരുതെന്ന വിലക്ക് നീക്കി രാജസ്ഥാനും
national news
സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകരുതെന്ന വിലക്ക് നീക്കി രാജസ്ഥാനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 8:53 pm

ജയ്പൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസിന്റെ ഭാഗമാകാന്‍ പാടില്ലെന്ന വിലക്ക് നീക്കി രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരും. 52 വര്‍ഷമായി തുടരുന്ന വിലക്കാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് 1996ല്‍ പ്രസ്തുത വിലക്ക് ഏര്‍പ്പെടുത്തിയത്.

നിലവില്‍, നേരത്തെ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ നിന്ന് ആര്‍.എസ്.എസിനെ ഒഴിവാക്കികൊണ്ടാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1972ലെയും 1981ലെയും നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ബി.ജെ.പി സര്‍ക്കാര്‍ പ്രതികരിച്ചു.

പേഴ്‌സണല്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി രാജേന്ദ്ര സിങ് കാവ്യയാണ് ആര്‍.എസ്.എസിന്റെ വിലക്ക് നീക്കികൊണ്ട് ഉത്തരവിറക്കിയത്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരസ്യമായും സജീവമായും പങ്കെടുക്കാമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനോടകം ഈ വിലക്ക് നീക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരും പ്രസ്തുത വിലക്ക് നീക്കിയിരുന്നു. പേഴ്‌സണല്‍ പബ്ലിക് ഗ്രീവ്‌നെസ് ആന്‍ഡ് പെന്‍ഷന്‍സ് മന്ത്രാലയമാണ് വിലക്ക് നീക്കിയ വിവരം അറിയിച്ചത്.

പബ്ലിക് ഗ്രീവന്‍സ് ആന്റ് പെന്‍ഷന്‍ മന്ത്രാലയം ജൂലൈ ഒമ്പതിനാണ് ഔദ്യോഗിക അക്കൗണ്ടിലൂടെ മെമ്മോറാണ്ടം പോസ്റ്റ് ചെയ്തത്. മെമ്മോറാണ്ടത്തില്‍ 1966 നവംബര്‍ 30, 1970 ജൂലൈ 25, 1980 ഒക്ടോബര്‍ 28 മുതലുള്ള മുന്‍ ഉത്തരവുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ അവലോകനം ചെയ്തതായും ഈ ഉത്തരവുകളില്‍ നിന്ന് ആര്‍.എസ്.എസ് എന്ന പരാമര്‍ശം നീക്കം ചെയ്യാന്‍ തീരുമാനിച്ചതായും മെമ്മോറാണ്ടത്തില്‍ പറയുന്നു.

മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരിയില്‍ ആര്‍.എസ്.എസിനെ നിരോധിച്ചിരുന്നു. തുടര്‍ന്ന്, നല്ല പെരുമാറ്റത്തിന്റെ ഉറപ്പിന്മേല്‍ ആണ് നിരോധനം പിന്‍വലിച്ചത്. പിന്നാലെ 1966ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ 58 വര്‍ഷമായി നിലനിന്നിരുന്ന നിരോധനമാണ് മോദിയും ബി.ജെ.പി സര്‍ക്കാരുകളും ചേര്‍ന്ന് നീക്കം ചെയ്യുന്നത്.

ഇന്ദിരാ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സംഘടനകളുടെ പട്ടികയില്‍ ആര്‍.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെ 17 സംഘടനകളുടെ പേരുകള്‍ ഉള്‍പ്പെടുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഈ സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അച്ചടക്ക നടപടിക്ക് നിയമസാധുതയുണ്ട്.

Content Highlight: Rajasthan also lifted the ban on government employees from joining the RSS