ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ജയ്പൂര്‍: കൊവിഡ് ഭേദമാക്കുമെന്ന പേരില്‍ ആരെങ്കിലും ഏതെങ്കിലും മരുന്ന് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ.
പതഞ്ജലി സ്ഥാപകന്‍ രാംദേവ് കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.
കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട് രാംദേവിന്റെ കമ്പനി പുറത്തിറക്കിയ മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ശര്‍മ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചാല്‍ നിയമപരമായി തന്നെ നടപടികള്‍ ഉണ്ടാകുമെന്നും ശര്‍മ പറഞ്ഞു.
കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതഞ്ജലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു.
രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം.
പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ ആരിലൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമല്ല.
മാര്‍ച്ച് മാസത്തിലും കൊവിഡിന് മരുന്ന് കണ്ടുപിടിച്ചതായി രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.