| Sunday, 14th July 2019, 1:13 pm

കസ്റ്റഡിയില്‍ വെച്ച് പൊലീസുകാര്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കി ; ഭര്‍തൃസഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; പരാതിയുമായി ദളിത് യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര പരാതിയുമായി ദളിത് യുവതി. രാജസ്ഥാനിലെ ചുരു ജില്ലയിലെ 35 കാരിയായ യുവതിയാണ് കസ്റ്റഡിയിലിരിക്കെ പൊലീസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭര്‍തൃസഹോദരനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നും പരാതിപ്പെട്ടത്.

മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത തന്നെ എട്ട് ദിവസമാണ് പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചതെന്നും യുവതി പറയുന്നു.

ജൂലൈ ആറിനാണ് യുവതിയുടെ ഭര്‍തൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേദിവസം രാത്രി പൊലീസ് കസ്റ്റഡിയിലിക്കെ ഇയാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

മോഷണക്കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 30 നാണ് തന്റെ അനുജനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതെന്നും ജൂലൈ 3 ന് അവനേയും കൊണ്ട് വീട്ടില്‍ വന്ന പൊലീസ് തന്റെ ഭാര്യയേയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

ജൂലൈ ആറിനോ ഏഴിനോ ആണ് അവര്‍ എന്റെ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇതിനെല്ലാം സാക്ഷിയായ എന്റെ ഭാര്യയെ പൊലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിച്ചു. അവളുടെ നഖം പിഴുതെടുത്തു. വിരല്‍ പിടിച്ചൊടിച്ചു. സഹോദരന്‍ മരണപ്പെട്ട ശേഷവും ജൂലൈ പത്ത് വരെ അവളെ പൊലീസുകാര്‍ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചു. – യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ചുരു എസ്.പി രാജേന്ദ്ര കുമാര്‍ ശര്‍മയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആറ് കോണ്‍സ്റ്റബിള്‍മാരേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി അറിയിച്ചു.

വീട്ടില്‍ നിന്നും അനുജനെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകുമ്പോള്‍ ഇനി നീ വീട്ടുകാരെ കാണില്ലെന്ന് ഇത് അവസാനമായി കാണുകയാണെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. നിസ്സാരകുറ്റത്തിന്റെ പേരിലായിരുന്നു അറസ്റ്റെന്നും ജാമ്യം പോലും നിഷേധിക്കുകയായിരുന്നെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more