ഗുജറാത്തിലേക്ക് മാറ്റിയ രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എമാരെ 'കാണാനില്ല'; അജ്ഞാത കേന്ദ്രത്തിലോ?
Rajastan Crisis
ഗുജറാത്തിലേക്ക് മാറ്റിയ രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എമാരെ 'കാണാനില്ല'; അജ്ഞാത കേന്ദ്രത്തിലോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th August 2020, 8:09 pm

അഹമ്മദാബാദ്: രാജസ്ഥാനില്‍ ഓഗസ്റ്റ് 14 ന് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിക്കെ ഗുജറാത്തിലേക്ക് പോയ ബി.ജെ.പി എം.എല്‍.എമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും സൂചനകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച വിശദീകരണങ്ങള് പുറത്തുവന്നിട്ടില്ല.

ശനിയാഴ്ചയാണ് ആറ് എം.എല്‍.എമാരെ ബി.ജെ.പി ജയ്പൂരില്‍നിന്നും ഗുജറാത്തില്‍ എത്തിച്ചത്. ഇവരെ പോര്‍ബന്തറിലേക്ക് മാറ്റുന്നെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഞായറാഴ്ച രാവിലെ ഇവരെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ പോര്‍ബന്തറില്‍ എത്തിയത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെയോടെയാണ് ഇവരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നത്. എം.എല്‍.എമാര്‍ എങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് തനിക്കറിയില്ലെന്നാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറി മന്‍സിങ് പര്‍മാര്‍ പറയുന്നത്.

‘എം.എല്‍.എമാര്‍ ഗസ്റ്റ്ഹൗസില്‍നിന്നും അതിരാവിലെ തന്നെ പോയി. അവരെങ്ങോട്ടാണ് പോയതെന്ന് എനിക്ക് യാതൊരു വിവരവുമില്ല. എം.എല്‍.എമാരെ പോര്‍ബന്തറില്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു എന്നെ ഏല്‍പിച്ച ചുമതല. അവരുടെ അത്താഴ ശേഷം ഞാനവിടെനിന്നും മടങ്ങി. അവര്‍ പോര്‍ബന്തറില്‍ രണ്ട് ദിവസമുണ്ടാകുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്’, മന്‍സിങ് പര്‍മാര്‍ പറഞ്ഞു.

നിര്‍മല്‍ കുമാവത്, ഗോപീചന്ദ് മീണ, ജബ്ബാര്‍ സിങ് സങ്ക്ള, ധരംവീര്‍ മോച്ചി, ഗോപാല്‍ ലാല്‍ ശര്‍മ, ഗുരുദീപ് സിങ് ഷപാനി എന്നിവരെയാണ് ശനിയാഴ്ച ജയ്പൂരില്‍നിന്നും പോര്‍ബന്തറിലേക്ക് മാറ്റിയത്. ഇവരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.

കൂറുമാറല്‍ ഭീതിയെത്തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എമാരെ രാജസ്ഥാനില്‍നിന്നും ഗുജറാത്തിലേക്ക് മാറ്റിയത്. 23 എം.എല്‍.എമാരെയാണ് ബി.ജെ.പി രാജസ്ഥാനില്‍നിന്നും ഗുജറാത്തിലേക്ക് ഇതുവരെ മാറ്റിയിട്ടുള്ളത്. ഇവരില്‍ 18 പേര്‍ പോര്‍ബന്തറിലാണ്. കോണ്‍ഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും എം.എല്‍.എമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പേടിയിലാണ് ബി.ജെ.പിയെന്നാണ് വിവരം. ഇത് തടയാന്‍ 40 എം.എല്‍.എമാരെയാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

പൊലീസും കോണ്‍ഗ്രസും സര്‍ക്കാരും തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും എം.എല്‍.എമാര്‍ ഒരു തീര്‍ത്ഥാടനത്തിന് പോവുകയാണെന്നുമാണ് ശനിയാഴ്ച പോര്‍ബന്തറിലേക്ക് പോയ എം.എല്‍.എമാര്‍ക്കൊപ്പമുള്ള മറ്റൊരു ബി.ജെ.പി എം.എല്‍.എയായ അശോക് ലഹോത്തി പ്രതികരിച്ചത്. ‘ചില ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉപദ്രവത്തിന് ഇരയാക്കപ്പട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവരൊരു തീര്‍ത്ഥാടനത്തിന് പോവുകയാണ്’ വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയ ശേഷം ലഹോത്തി മാധ്യമങ്ങളോട് പറഞ്ഞു.