| Tuesday, 29th October 2024, 9:23 pm

രാജസ്ഥാൻ, സിക്കാറിൽ മേൽപ്പാലത്തിലേക്ക് ബസ് ഇടിച്ച് കയറി; 12 മരണം, 30 പേർക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ സ്വകാര്യ ബസ് മേൽപ്പാലത്തിൻ്റെ ഭിത്തിയിൽ ഇടിച്ച് 12 യാത്രക്കാർ മരിച്ചു. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബസിന്റെ അമിത വേഗതയും വാഹനത്തിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതും ആണ് അപകടകാരണം എന്ന് പൊലീസ് പറഞ്ഞു. അമിത വേഗത മൂലം ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും തുടർന്ന് ബസ് പാലത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ബസിൻ്റെ വലതുഭാഗം പൂർണമായും തകർന്നു, ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അകത്ത് കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാൻ ക്രെയിൻ വിളിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

’12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവരിൽ കുറച്ചുപേരെ ജയ്പൂരിലേക്കും മറ്റുള്ളവരെ സിക്കാറിലെ എസ്.കെ ഹോസ്പിറ്റലിലേക്കും കൊണ്ടുപോയിരിക്കുകയാണ്‌. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകുന്നുണ്ട്. അപകടത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണ്.

അമിത വേഗതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ പരിധിയിൽ കൂടുതൽ ആളുകളും ഉണ്ടായിരുന്നു,’ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് സത്യേന്ദ്ര ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

‘രാജസ്ഥാനിലെ സിക്കാറിൽ ഉണ്ടായ അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രി പ്രൈം മിനിസ്റ്റർ നാഷണൽ റിലീഫ് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും ,’ പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയും അപകടത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തി. ‘സിക്കാറിലെ ലക്ഷ്മൺഗഢ് ഏരിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഖകരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഞാൻ അനുശോചനം അറിയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

updating…

Content Highlight:  Rajasthan: 12 killed, 30 injured after bus rams into flyover in Sikar

We use cookies to give you the best possible experience. Learn more