ഐ.പി.എല്ലിന്റെ മിനി താര ലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങളില്‍ പ്രധാനിയായിരുന്നു വിന്‍ഡീസ് പവര്‍ ഹിറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.
കഴിഞ്ഞ സീസണിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഹെറ്റിയെ ടീമിലെത്തിച്ചത്. രാജസ്ഥാന്റെ മിഡില്‍ ഓര്‍ഡറിലും ഫിനിഷറുടെ റോളിലും മികച്ച പ്രകടനം തന്നെയായിരുന്നു താരം നടത്തിയത്.
ടൂര്‍ണമെന്റിനിടെ ഒരിക്കല്‍ താരത്തിന് ടീം വിട്ട് ജന്മനാട്ടിലേക്ക് പോകേണ്ടി വന്നിരുന്നു. ഇത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയത്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ തിരിച്ചെത്തിയ ഹെറ്റി തന്റെ ഹാര്‍ഡ് ഹിറ്റിങ് തുടര്‍ന്നുകൊണ്ടേയിരുന്നു.
താരത്തിന്റെ പവര്‍ ഹിറ്റിങ്ങിനൊപ്പം തന്നെ ടീമിനൊപ്പമുള്ള തമാശകളും ആരാധകര്‍ ഏറെ ആസ്വദിച്ചിരുന്നു. ഹെറ്റിയെ പോലെ തന്നെ ഫാന്‍ബേസ് താരത്തിന്റെ മുടിക്കുമുണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള മുടിയുമായി താരം ഗ്രൗണ്ടിലെത്തുന്നത് കാണാന്‍ തന്നെ ഒരു ആനച്ചന്തമായിരുന്നു.
ഓറഞ്ച് ക്യാപ് നേടിയ ബട്‌ലറും ഹര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ ചഹലിനുമൊപ്പം തന്റെ പിങ്ക് തലമുടിയുമായി കയറി വന്ന ഹെറ്റിയുടെ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
തന്റെ ടീമിനോടുള്ള സ്‌നേഹം സ്വന്തം തലമുടിയിലൂടെ വ്യക്തമാക്കുന്ന താരമാണ് ഹെറ്റ്‌മെയര്‍. വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ബ്രൗണ്‍ നിറത്തിലും ടീമിന്റെ ജേഴ്‌സിക്കനുസരിച്ചും ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയിരുന്ന താരം ഐ.പി.എല്ലിലും ആ പതിവ് തുടര്‍ന്നിരുന്നു.
നേരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിക്കുമ്പോള്‍ ഗോള്‍ഡന്‍ നിറത്തിലായിരുന്നു തലമുടിയെങ്കില്‍ അത് ദല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയപ്പോള്‍ അത് നീല നിറത്തിലായി.
2022ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോള്‍ പിങ്ക് സിറ്റിയോടും ടീമിനോടുമുള്ള സ്‌നേഹം ഹെറ്റിയുടെ തലമുടിയിലും പ്രതിഫലിച്ചു. ഇതിന് മുമ്പ് സി.പി.എല്ലില്‍ ആമസോണ്‍ ഗയാന വാരിയേഴ്‌സിന് വേണ്ടി കളിക്കുമ്പോള്‍ പച്ച നിറത്തിലായിരുന്നു താരം തലമുടിയൊരുക്കിയത്.
ഇപ്പോഴിതാ മുടിയില്‍ സ്‌നേഹമൊളിപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ട ഹെറ്റിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഒരു സലൂണിന്റെ പശ്ചാത്തലത്തില്‍ മുടി വെട്ടാനിരിക്കുന്ന ആളെ പോലെയാണ് രാജസ്ഥാന്‍ ഹെറ്റിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പോസ്റ്റില്‍ ചഹലും ‘കുമ്മനടിച്ച് കയറിയിട്ടുണ്ട്’.
‘നിന്റെ സ്‌ക്വയര്‍ കട്ട് മുതല്‍ ഹെയര്‍ കട്ട് വരെ എല്ലാം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ഹാപ്പി ബെര്‍ത് ഡേ ഹെറ്റി’ എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ താരത്തിനുള്ള ആശംസ നേര്‍ന്നിരിക്കുന്നത്. രാജസ്ഥാന്റെ ട്വീറ്റ് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
From your square-cuts to haircuts, we love it all! 💇♂️
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് വേണ്ടി 15 മത്സരങ്ങളിലാണ് താരം ബാറ്റേന്തിയത്. 153.92 സ്‌ട്രൈക്ക് റേറ്റിലും 44.86 ശരാശരിയിലും 314 റണ്‍സാണ് താരം സ്വന്തമാക്കിയത്.