ഐ.പി.എല്‍ 2023 ആരംഭിക്കാന്‍ ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ നോക്കിക്കാണുന്നത്.
കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടമായ കിരീടം ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചെത്തിക്കാനാണ് പിങ്ക് ആര്‍മി അരയും തലയും മുറുക്കി ഇറങ്ങുന്നത്.
ഇക്കഴിഞ്ഞ മിനി ലേലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിനെ കൂടുതല്‍ സ്‌റ്റേബിളാക്കിയത്. ഇതിന് പുറമെ ഫ്യൂച്ചര്‍ ലെജന്‍ഡ് ജോ റൂട്ടിനെയും, സൂപ്പര്‍ താരം ആദം സാംപയെയും രാജസ്ഥാന്‍ ചുളുവിലക്ക് ടീമിലെത്തിക്കുകയും ചെയ്തിരുന്നു.
മറ്റ് ഫ്രാഞ്ചൈസി ലീഗുകളായ ഐ.എല്‍. ടി-20യിലും എസ്.എ 20യിലും രാജസ്ഥാന്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും റോയല്‍സ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.
ഐ.പി.എല്ലിന്റെ ആവേശം രാജസ്ഥാന്‍ ആരാധകര്‍ക്കിടിയില്‍ അലയടിക്കുമ്പോള്‍ ടീം പങ്കുവെച്ച ഒരു വീഡിയോയും ചര്‍ച്ചയാകുന്നുണ്ട്. ഹോം 2.0 എന്ന പേരില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തെയാണ് ഹോം 2.0 എന്ന് രാജസ്ഥാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം സ്‌റ്റേഡിയമാണിത്. ജയ്പൂരിലെ സ്വായ് മാന്‍സിങ് സ്റ്റേഡിയമാണ് രാജസ്ഥാന്റെ യഥാര്‍ത്ഥ ഹോം ഗ്രൗണ്ട്.
രണ്ട് മത്സരങ്ങളാണ് രാജസ്ഥാന്‍ തങ്ങളുടെ പുതിയ ഹോം സ്‌റ്റേഡിയത്തില്‍ കളിക്കുക. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെയും ഏപ്രില്‍ എട്ടിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയുമാണ് രാജസ്ഥാന്‍ ഗുവാഹത്തിയിലെ ബര്‍സാപര അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നേരിടുക.
അസം ക്രിക്കറ്റ് അസോസിയേഷനും ഇക്കാര്യം സന്തോഷപൂര്‍വം അറിയിക്കുന്നുണ്ട്. ഇതാദ്യമായാണ് ഒരു നോര്‍ത്ത് ഈസ്‌റ്റേണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഐ.പി.എല്ലിന് വേദിയാകുന്നത്.
ഏപ്രില്‍ രണ്ടിനാണ് പുതിയ സീസണില്‍ രാജസ്ഥാന്റെ ആദ്യ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ജോ റൂട്ട്, ആദം സാംപ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ.
Content highlight: Rajastan Royals to play two matches in Assam Cricket Association Stadium