'ജോസ് ഭായ്, ലോകകപ്പ് കിരീടം വീട്ടിലേക്ക് കൊണ്ടുപൊക്കോളൂ'; ഇംഗ്ലണ്ടിന് പിന്തുണയുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്
Cricket
'ജോസ് ഭായ്, ലോകകപ്പ് കിരീടം വീട്ടിലേക്ക് കൊണ്ടുപൊക്കോളൂ'; ഇംഗ്ലണ്ടിന് പിന്തുണയുമായി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 10:55 am

ടി-20 ലോകകപ്പ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് ഐ.പി.എൽ സൂപ്പർ ക്ലബ്ബായ രാജസ്ഥാൻ റോയൽസ്. ലോക പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.

‘ജോസ് ഭായ്, അത് വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോളൂ’ എന്ന ക്യാപ്ഷനോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറുടെയും വേൾഡ് കപ്പ് ട്രോഫിയുടെയും ചിത്രം പങ്കുവെച്ചാണ് രാജസ്ഥാൻ റോയൽസ് ഇംഗ്ലണ്ടിന് പിന്തുണയറിയിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ  ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചത്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ മടങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ മുട്ടുകുത്തിച്ചത്. ഇന്ത്യൻ ബാറ്റർമാർ പതറിപ്പോയ അതേ ഗ്രൗണ്ടിലാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറും അലക്‌സ് ഹെയിൽസും റൺസ് വാരിക്കൂട്ടിയത്.

നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കനത്ത വിമർശനങ്ങളായിരുന്നു ടീം ഇന്ത്യക്കും സെലക്ഷൻ കമ്മിറ്റിക്കും നേരെ ഉയർന്ന് വന്നത്.

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ സൂപ്പർതാരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നതിൽ ചില മുൻ താരങ്ങളും ആരാധകരുമടക്കം പലരും പ്രതിഷേധം അറിയിച്ചിരുന്നു. സെമി മറകടക്കാനാകാതെ ഇന്ത്യ തോൽവി വഴങ്ങുക കൂടി ചെയ്തപ്പോൾ പ്രതിഷേധം ശക്തമാവുകയായിരുന്നു.

അതേസമയം പാകിസ്ഥാന്റെ പേസ് നിരയും ഇംഗ്ലണ്ടിന്റെ ആഴമേറിയ ബാറ്റിങ് നിരയും തമ്മിൽ ശക്തമായ പോരാട്ടം തന്നെ മെൽബണിൽ അരങ്ങേറുമെന്നതിൽ സംശയമില്ല.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആര് ചരിത്രം കുറിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഞാറാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 1.30നാണ് പാകിസ്ഥാൻ-ഇംഗ്ലണ്ട് സെമി പോരാട്ടം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. 95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇതോടെ ഫൈനൽ നടക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഞായറാഴ്ച മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ തിങ്കളാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മഴമൂലം റിസർവ് ദിനത്തിലേക്ക് കളി മാറ്റിവെക്കുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂർ അധികസമയം നേരത്തെ ഐ.സി.സി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐ.സി.സി ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

content highlights: Rajastan Royals supports england in t20 world cup