ഐ.പി.എല്ലിന്റെ 16ാം സീസണിനൊരുങ്ങുന്ന രാജസ്ഥാന് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരം പ്രസിദ്ധ് കൃഷ്ണയുടെ പരിക്കാണ് രാജസ്ഥാന്‍ റോയല്‍സിന് തലവേദനയാകുന്നത്. പരിക്ക് മൂലം താരത്തിന് 2023 ഐ.പി.എല്‍ പൂര്‍ണമായും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിദ്ധ് കൃഷ്ണ തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ഒരുപാട് ക്രിക്കറ്റ് നഷ്ടപ്പെടാന്‍ പോകുന്നു, തിരിച്ചുവരും,’ എന്ന് കുറിച്ചുകൊണ്ടായിരുന്നു താരം പരിക്കിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്.
ആറ് മുതല്‍ എട്ട് മാസം വരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഐ.പി.എല്‍ 2023 പൂര്‍ണമായും താരത്തിന് നഷ്ടപ്പെട്ടേക്കും.
പത്ത് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമായിരുന്നു പ്രസിദ്ധ് കൃഷ്ണ. പുതിയ സീസണില്‍ രാജസ്ഥാന്റെ പേസാക്രമണങ്ങളില്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന താരം കൂടിയായിരുന്നു പ്രസിദ്ധ്.
കഴിഞ്ഞ സീസണിലെ 17 മത്സരത്തില്‍ നിന്നും 29 ആവറേജില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. 8.29 എക്കോണമിയും 21.00 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലും താരത്തിന് പരിക്കേറ്റിരുന്നു. പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം പ്രസിദ്ധ കൃഷ്ണക്ക് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു.
ന്യൂസിലാന്‍ഡ് എക്കെതിരായ അണ്‍ ഒഫീഷ്യല്‍ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തലേ ദിവസമായിരുന്നു താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ഷര്‍ദുല്‍ താക്കൂര്‍ പകരക്കാരനായി എത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് പ്രസിദ്ധ് കൃഷ്ണ അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത്. ഇന്ത്യക്കായി 14 ഏകദിനം കളിച്ച താരം 25 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Content highlight: Rajastan Royals star Prasidh Krishna suffers injury, may miss IPL 2023