| Friday, 10th March 2023, 3:18 pm

'രാജസ്ഥാന്‍ റോയല്‍സില്‍ ഡേവിഡ് ബെക്കാം'! കാഴ്ച കണ്ട് സര്‍പ്രൈസായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം. ഒരു കാലത്ത് ഫുട്‌ബോളിനെ ഡിഫൈന്‍ ചെയ്ത താരങ്ങളില്‍ പ്രധാനിയായിരുന്നു ത്രീ ലയണ്‍സിന്റെ ഫുട്‌ബോള്‍ ലെജന്‍ഡ്.

ഫുട്‌ബോളിന് പുറത്തും ഏറെ ആരാധകരുള്ള വ്യക്തിയാണ് ബെക്കാം. അത്തരത്തില്‍ ബെക്കാമിനെ ഏറെയിഷ്ടപ്പെടുന്ന ഒരാളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

നിലവിലെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ നായകന്‍ ജോസ് ബട്‌ലറാണ് ബെക്കാമിന്റെ ഫാന്‍ ബോയ്. താരത്തിന്റെ പ്രാക്ടീസ് സെഷനിലെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി-20 പരമ്പരക്കിടെ ബട്‌ലറെടുത്ത ഒരു ഫ്രീ കിക്കിന്റെ വീഡിയോ ആണ് രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിരിക്കുന്നത്.

ബട്‌ലറിന്റെ ഷോട്ട് നെറ്റ് സെഷനിനുള്ള വലയിലേക്ക് വളഞ്ഞ് കയറുന്നതും താരം സെലിബ്രേറ്റ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. താരത്തിന്റെ ഫുട്‌ബോള്‍ സ്‌കില്‍സ് കണ്ട് സര്‍പ്രൈസായിരിക്കുകയാണ് ആരാധകര്‍.

ഡേവിഡ് ബെക്കാമിന്റെ ഫ്രീ കിക്ക് ഗോളിന്റെ വോയ്‌സ് ഓവര്‍ നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബട്‌ലര്‍ ക്രിക്കറ്റിലെ ഡേവിഡ് ബെക്കാമാണെന്നും ബട്‌ലറിന്റെ ഷോട്ട് കണ്ട് ഞെട്ടിയെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഷാകിബ് അല്‍ ഹസനും സംഘവും വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ഐതിഹാസിക വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറിന്റെ ഇന്നിങ്‌സ് തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചിരുന്നു. 42 പന്തില്‍ നിന്നും 67 റണ്ണടിച്ചാണ് ബട്‌ലര്‍ പുറത്തായത്. ഫില്‍ സോള്‍ട്ടും ബെന്‍ ഡക്കറ്റും തങ്ങളുടെ സംഭാവനയും നല്‍കിയതോടെ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശും തകര്‍ത്തടിച്ചു. ഫിഫ്റ്റിയടിച്ച നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും ഇന്നിങ്സിന്റെ ബലത്തില്‍ സിംഹങ്ങളെ തകര്‍ത്ത് കടുവകള്‍ ജയിച്ചുകയറി.

30 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുമായി 51 റണ്‍സ് നേടി ഷാന്റോ പുറത്തായപ്പോള്‍ പുറത്താകാതെ 34 റണ്‍സായിരുന്നു ഷാകിബ് സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് 1-0ന് മുമ്പിലാണ്. മാര്‍ച്ച് 12നാണ് പരമ്പരയിലെ അടുത്ത മത്സരം. മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലായാണ് വേദി.

Content Highlight: Rajastan Royals shares a video of Jos Buttler playing football

We use cookies to give you the best possible experience. Learn more