| Sunday, 20th March 2022, 2:49 pm

സഞ്ജുവിനും പിള്ളേര്‍ക്കും അതിനുള്ള പൊട്ടെന്‍ഷ്യലുണ്ട്; തുറന്നുപറഞ്ഞ് കരീബിയന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇത്തവണത്തെ ഐ.പി.എല്‍ കിരീടം നേടാനുള്ള എല്ലാ കെല്‍പ്പും രാജസ്ഥാന്‍ റോയല്‍സിനുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍. രാജസ്ഥാന്‍ മികച്ച ടീമാണെന്നും ഇത്തവണ കപ്പടിക്കാനുള്ള എല്ലാ കഴിവും രാജസ്ഥാനുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

‘ഐ.പി.എല്ലില്‍ എന്റെ ആദ്യ സീസണ്‍ ബെംഗളൂരുവിനൊപ്പമായിരുന്നു. എന്നാല്‍ എന്നെ പോലൊരു യുവതാരത്തെ സംബന്ധിച്ച് ആ സീസണ്‍ വളരെയധികം ചലഞ്ചിങ്ങായിരുന്നു. ഞാന്‍ മാത്രമായിരുന്നു ആര്‍.സി.ബി സ്‌ക്വാഡിലെ ഏക വെസ്റ്റ് ഇന്‍ഡീസ് താരം.

വളര്‍ന്നുവരുന്ന ഒരു താരത്തിന് ഐ.പി.എല്‍ ശരിക്കുമൊരു അവസരം തന്നെയാണ്. ഇതില്‍ നിന്നും എന്റെ കരിയറില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താന്‍ എനിക്ക് സാധിച്ചു.

രാജസ്ഥാന്‍ റോയല്‍സ് എനിക്ക് വേണ്ടി മുടക്കിയ തുകയെ കുറിച്ചുള്ള ആധിയൊന്നും ഇപ്പോള്‍ എന്റെ മനസിലില്ല. ഇപ്പോഴുള്ള രാജസ്ഥാന്‍ ടീമിന് ഒരുപാട് പൊട്ടെന്‍ഷ്യലുണ്ടെന്നാണ് എന്റെ വിശ്വാസം. ഇത്തവണ വീണ്ടും കപ്പ് തിരികെ പിടിക്കാനുള്ള കഴിവും കെല്‍പ്പും രാജസ്ഥാനുണ്ട്,’ ഹെറ്റ്‌മെയര്‍ പറയുന്നു.

ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍

ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയായിരുന്നു കരീബിയന്‍ ഇന്റര്‍നാഷണല്‍ താരം ഹെറ്റ്‌മെയര്‍ കളത്തിലിറങ്ങിയിരുന്നത്. 8.5 കോടി രൂപയ്ക്കാണ് താരം രാജസ്ഥാന്‍ പടയുടെ ഭാഗമായിരിക്കുന്നത്.

ഹെറ്റ്‌മെയറിന്റെ സഹതാരം ഇവിന്‍ ലൂയിസും രാജസ്ഥാന്‍ ഭാഗമായുണ്ട്, ഇവിന്‍ കൂടെയുള്ളത് തനിക്ക് പ്രത്യേക ഉണര്‍വാവുമെന്നും താരം പറയുന്നു.

ഹെറ്റ്‌മെയര്‍ ടീമിലെത്തിയതോടെ അദ്ദേഹത്തിന്റെ മുടിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

താരം ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നപ്പോള്‍, അവരുടെ ജേഴ്‌സിയുടെ നിറമായ നീലയായിരുന്നു താരത്തിന്റെ മുടിയ്ക്കും. എന്നാല്‍ ടീം മാറിയതോടെ ഹെറ്റ്‌മെയറിന്റെ മുടിയും ടീം മാറി. നീലയ്ക്ക് പകരം ഡാര്‍ക്ക് പിങ്ക് നിറത്തിലുള്ള മുടിയുമായാണ് താരം രാജസ്ഥാനിലെത്തിയത്.

മാര്‍ച്ച് 26ന് ഐ.പി.എല്‍ തുടങ്ങാനിരിക്കെ മികച്ച പ്രതീക്ഷയില്‍ തന്നെയാണ് രാജസ്ഥാന്‍ സ്‌ക്വാഡ്. കോച്ചായി സംഗക്കാരയും, ഫാസ്റ്റ് ബൗളിംഗ് കോച്ചായി മലിംഗയും ക്യാപ്റ്റനായി സഞ്ജുവും മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ രണ്ടാം കിരീടമല്ലാതെ പിങ്ക് സിറ്റിയുടെ സ്വന്തം ടീമിന് മറ്റൊന്നും സ്വപ്‌നം കാണാനില്ല.

മാര്‍ച്ച് 29നാണ് സീസണില്‍ രാജസ്ഥാന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ടീമിന്റെ എതിരാളികള്‍.

Content Highlight: Rajastan Royals have potential to bring IPL Trophy home this year: Shimron Hetmyer
We use cookies to give you the best possible experience. Learn more