ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ലേല നടപടികള്‍ അവസനിപ്പിച്ചത്. ഐ.പി.എല്‍ ആരാധകരെയും രാജസ്ഥാന്‍ റോയല്‍സ് ആരാധകരെയും ഒന്നുപോലെ തൃപ്തിപ്പെടുത്താന്‍ ലേലത്തിലൂടെ രാജസ്ഥാന് സാധിച്ചിരുന്നു.
ടീമിന് ഏറ്റവുമധികം ആവശ്യമായുണ്ടായിരുന്ന ഒരു പക്കാ ക്വാളിറ്റി ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറെ ടീമിലെത്തിച്ചാണ് റോയല്‍സ് ലേല നടപടികള്‍ റോയലായി തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം അത്തരത്തിലൊരു സൂപ്പര്‍ താരത്തിന്റെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ വിന്‍ഡീസ് സൂപ്പര്‍ താരം ജേസണ്‍ ഹോള്‍ഡറെ ടീമിലെത്തിച്ചായിരുന്നു രാജസ്ഥാന്‍ ആ കുറവും നികത്തിയത്.
എന്നാല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ സന്തോഷിപ്പിക്കുന്ന പിക്കായിരുന്നു ഇംഗ്ലണ്ടിന്റെ ലെജന്‍ഡറി താരമായ ജോ റൂട്ടിന്റേത്. ഒരു കോടി രൂപക്കാണ് റൂട്ടിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
ജോ റൂട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാവുന്നതോടെ ഫാബ് ഫോറിലെ എല്ലാവരും ഉള്‍പ്പെടുന്ന ആദ്യ ഫ്രാഞ്ചൈസി ലീഗ് എന്ന റെക്കോഡും ഐ.പി.എല്ലിന് ലഭിച്ചിരിക്കുകയാണ്.
ഫാബ് ഫോറിലെ വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ നേരത്തെ തന്നെ ഐ.പി.എല്ലിന്റ ഭാഗമായവരാണ്. എന്നാല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് റൂട്ട് ഐ.പി.എല്ലിന്റെ ഭാഗമാവുന്നത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ഏതെങ്കിലും സൂപ്പര്‍ ബാറ്റര്‍ ഫോം ഔട്ട് ആവുകയാണെങ്കില്‍ വിശ്വസിച്ച് റീപ്ലേസ് ചെയ്യാന്‍ സാധിക്കുന്ന താരമാണ് റൂട്ട്. ഇന്ത്യന്‍ പിച്ചില്‍ ചാന്‍സ് ലഭിച്ചാല്‍ റൂട്ട് മായാജാലം കാണിക്കുമെന്നുറപ്പാണ്.
ജോ റൂട്ടിന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ചരിത്രപരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കും ഐ.പി.എല്‍ 2023 എന്ന കാര്യത്തില്‍ സംശയമില്ല.
റൂട്ടിന് പുറമെ സൂപ്പര്‍ താരം ആദം സാംപയെയും രാജസ്ഥാന്‍ ചുളുവിലക്ക് ടീമിലെത്തിച്ചിട്ടുണ്ട്. ഓവര്‍ സീസ് സ്ലോട്ട് തികക്കാന്‍ വേണ്ടിയാമെങ്കിലും രാജസ്ഥാന്റെ തകര്‍പ്പന്‍ ടാക്ടിക്കല്‍ നീക്കമായിട്ടാണ് ഈ രണ്ട് പിക്കുകളും കണക്കാക്കപ്പെടുന്നത്.
മിനി ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരങ്ങള്‍
ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി), ഡോണോവാന്‍ ഫെരേര (50 ലക്ഷം), കുണാല്‍ റോത്തോര്‍ (20 ലക്ഷം), ആരം സാംപ (1.5 കോടി), കെ.എം. ആസിഫ് (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം), ആകാശ് വസിഷ്ഠ് (20 ലക്ഷം), അബ്ദുള്‍ ബാസിത് പി.എ. (20 ലക്ഷം), ജോ റൂട്ട് (ഒരു കോടി)
മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ, ജോ റൂട്ട്.
Content highlight: Rajastan Royals picks Joe Root in IPL Mini Auction