രാജസ്ഥാന്‍ തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കിയത് മുതല്‍ തന്നെ ഐ.പി.എല്‍ ലോകം അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. രാജസ്ഥാന്റെ തലസ്ഥാന നഗരമായ ‘പിങ്ക് സിറ്റി’ ജയ്പൂരിന്റെ പിങ്ക് നിറത്തെ അടിസ്ഥാനമാക്കിയാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്.
ടീമിന്റെ ഐക്കോണിക് നിറത്തിന് പുറമെ പല ഫീച്ചേഴ്‌സും ജേഴ്‌സിയുടെ ഭാഗമായി മാനേജ്‌മെന്റ് ഒരുക്കിയിരിക്കിയിട്ടുണ്ട്.
രാജസ്ഥാന്റെ പരമ്പരാഗതമായ നെയ്ത്തിനെയും കലാരൂപത്തേയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ജേഴ്‌സി പുറത്തിറക്കുന്നതെന്നാണ് ടീം പറയുന്നത്.
ജേഴ്‌സിയിലെ ‘ലഹരിയ’ പാറ്റേണ്‍ റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനിലെ നെയ്ത്തു തൊഴിലാളികളായ സ്ത്രീകള്‍ക്കുള്ള ആദരവ് എന്ന നിലയിലാണ് ചേര്‍ത്തിരിക്കുന്നത്.
ഇതിലൂടെ രാജസ്ഥാനിലെ പരമ്പരാഗത കരകൗശല കലാകാരന്‍മാര്‍ക്കുള്ള നന്ദി അറിയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നായിരുന്നു ടീം പറയുന്നത്.
വേവ് (തിര) എന്നാണ് ‘ലഹരിയ’ എന്ന പദത്തിനര്‍ത്ഥം. രാജസ്ഥാനിലെ പ്രത്യേക രീതിയായ ‘ടൈ ആന്‍ഡ് ഡൈ’ (Tie and Dye) ഉപയോഗിച്ചാണ് ജേഴ്‌സി നിര്‍മിച്ചിരിക്കുന്നത്. കാറ്റടിക്കുമ്പോള്‍ രാജസ്ഥാന്‍ മരുഭൂമികളില്‍ രൂപപ്പെട്ടുന്ന പാറ്റേണാണ് ജേഴ്‌സിയിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പ്രത്യേക രീതിയിലുള്ള തുണി ഉപയോഗിച്ചാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തരിക്കുന്നത്. വിയര്‍പ്പിനെയും ചൂടിനെയും പെട്ടന്ന് തന്നെ ആഗിരണം ചെയ്യാനും കളിക്കാര്‍ക്ക് പ്രശ്‌നങ്ങളൊന്നും തന്നെയില്ലാതെ കളിയില്‍ ശ്രദ്ധിക്കാനും പറ്റുന്ന തുണിയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.
ഇതിന് പുറമെ സ്‌പോണ്‍സര്‍മാരായ ഹാപ്പിലോയുടെയും ഡോളറിന്റെയും ലോഗോയും ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്‌നേഹത്തോടെ നിര്‍മിച്ച്, അഭിമാനത്തോടെ ധരിക്കുന്നു എന്നാണ് ടീം ജേഴ്‌സിയെ കുറിച്ച് പറയുന്നത്.
ജേഴ്‌സി മാത്രമല്ല, ടൂര്‍ണമെന്റിന് മുമ്പേ ടീമും സെറ്റായിരിക്കുകയാണ്. കോച്ച് സംഗക്കാരയ്ക്കും, ക്യാപ്റ്റന്‍ സഞ്ജു സാംസണുമൊപ്പം ആദ്യ സീസണില്‍ നേടിയ ഐ.പി.എല്‍ കിരീടം വീണ്ടും സ്വന്തം തട്ടകത്തിലെത്തിക്കുക എന്നതുതന്നെയാണ് രാജസ്ഥാന്റെ ലക്ഷ്യം.
Content Highlight: Rajastan Royals New Jersey