| Monday, 27th March 2023, 8:14 pm

കാത്തിരിപ്പിനൊടുവില്‍ അത് ഒഫീഷ്യലായി; ഇതാ സഞ്ജുവിന്റെ വക തകര്‍പ്പന്‍ ബാക്കപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്കേറ്റ സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരക്കാരനായി സന്ദീപ് ശര്‍മയെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. നേരത്തെ തന്നെ സന്ദീപ് തന്നെയായിരിക്കും പ്രസിദ്ധിന് പകരക്കാരനായി എത്തുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ഒഫീഷ്യലായി ഇക്കാര്യം പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്.

നേരത്തെ സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാമ്പിലെത്തിയത് മുതല്‍ക്കുതന്നെ ആരാധകര്‍ ഈ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് റോയല്‍സ് സന്ദീപ് ശര്‍മയെ ടീമിലെത്തിച്ച കാര്യം ആരാധകരെ അറിയിച്ചത്.

പഞ്ചാബ് കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമായി നേരത്തെ ഐ.പി.എല്ലില്‍ പന്തെറിഞ്ഞ താരമാണ് സന്ദീപ് ശര്‍മ. ഐ.പി.എല്ലില്‍ കളിച്ച 104 മത്സരത്തില്‍ നിന്നുമായി 114 വിക്കറ്റുകള്‍ താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

ഇന്ത്യക്കായി രണ്ട് ടി-20യിലും പന്തെറിഞ്ഞ താരത്തെ കഴിഞ്ഞ ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.

പ്ലെയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായ പ്രസിദ്ധിന് പകരക്കാരനായി ടീമിലെത്തിത്തിയെങ്കിലും ബോള്‍ട്ടും സെയ്‌നിയും മക്കോയ്‌യും ഉള്‍പ്പെടുന്ന സ്‌ക്വാഡില്‍ നിന്നും ഗ്രൗണ്ടിലേക്കെത്തുക താരത്തിന് പ്രയാസമായിരിക്കും.

2013ലാണ് സന്ദീപ് ശര്‍മ ആദ്യമായി ഐ.പി.എല്ലില്‍ കളിക്കുന്നത്. ആദ്യ സീസണില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റാണ് താരം നേടിയത്. 2017ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ കളിക്കവെ നേടിയ 17 വിക്കറ്റാണ് ഒരു സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

2022ലെ ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനിടെയായിരുന്നു പ്രസിദ്ധിന് പരിക്കേറ്റത്. ആറ് മുതല്‍ എട്ട് മാസം വരെ താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.. അതിനാല്‍ തന്നെ ഐ.പി.എല്‍ 2023 പൂര്‍ണമായും താരത്തിന് നഷ്ടമാകും.

പത്ത് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമായിരുന്നു പ്രസിദ്ധ് കൃഷ്ണ. പുതിയ സീസണില്‍ രാജസ്ഥാന്റെ പേസാക്രമണങ്ങളില്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന താരം കൂടിയായിരുന്നു പ്രസിദ്ധ്.

കഴിഞ്ഞ സീസണിലെ 17 മത്സരത്തില്‍ നിന്നും 29 ആവറേജില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. 8.29 എക്കോണമിയും 21.00 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലും താരത്തിന് പരിക്കേറ്റിരുന്നു. പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം പ്രസിദ്ധ കൃഷ്ണക്ക് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു.

അതേസമയം, സ്‌റ്റേബിളായ സ്‌ക്വാഡുമായി രാജസ്ഥാന്‍ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സിനെതിരായാണ് റോയല്‍സിന്റെ ആദ്യ മത്സരം. ഓറഞ്ച് ആര്‍മിയുടെ കളിത്തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

Content highlight: Rajastan Royals names Sandeep Sharma as Prasidh Krishna’s replacement

We use cookies to give you the best possible experience. Learn more