ഐ.പി.എല്ലില്‍ ഇത്തവണ കപ്പെടുക്കാന്‍ ഏറെ സാധ്യത കല്‍പിക്കുന്ന ടീമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് റോയല്‍സ്.
പ്രാക്ടീസും മുന്നൊരുക്കങ്ങളുമായി രാജസ്ഥാന്‍ പുതിയ സീസണിനായി ഒരുങ്ങുകയാണ്. പുതിയ സീസണില്‍ പുതിയ അറ്റയറിലായിരിക്കും രാജസ്ഥാന്‍ കളത്തിലിറങ്ങുക.
ഏറെ വ്യത്യസ്തമായ തരത്തിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പുതിയ ജേഴ്‌സി ലോഞ്ച് ചെയ്തത്. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കിക്കൊണ്ടാണ് ടീം ജേഴ്‌സി പുറത്തിറക്കിയത്.
ഇവര്‍ തങ്ങളെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണെന്നും അതുകൊണ്ടുതന്നെ ഈ സീസണിലെ ആദ്യ ജേഴ്‌സി ഇവര്‍ക്ക് തന്നെ നല്‍കണമെന്ന് താനും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പേരെഴുതിയ 11ാം നമ്പര്‍ ജേഴ്‌സിയാണ് ടീം ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കായി നല്‍കി ലോഞ്ച് ചെയ്തത്.
ടീമിന്റെ ഈ പ്രവൃത്തിയില്‍ സോഷ്യല്‍ മീഡിയ ഒന്നാകെ രാജസ്ഥാന്‍ റോയല്‍സിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്.
അതേസമയം, കഴിഞ്ഞ സീസണിലെ എല്ലാ പോരായ്മകളും പരിഹരിച്ച് പുതിയ സീസണില്‍ കിരീടം നേടാമെന്ന പ്രതീക്ഷയാണ് പിങ്ക് ആര്‍മിക്കുള്ളത്.
മികച്ച താരനിരയുമായിട്ടാണ് രാജസ്ഥാന്‍ പുതിയ സീസണിനിറങ്ങുന്നത്. ബട്‌ലറും ജെയ്സ്വാളും സഞ്ജുവും ഹെറ്റ്മെയറും, ഫോമിലെത്തിയാല്‍ ആഞ്ഞടിക്കുന്ന റിയാന്‍ പരാഗും, വേണ്ടി വന്നാല്‍ സെഞ്ച്വറി തികയ്ക്കാന്‍ പോന്ന അശ്വിനുമുള്ള രാജസ്ഥാന്റെ തകര്‍പ്പന്‍ ബാറ്റിങ് നിരയിലേക്ക് ജോ റൂട്ട് അടക്കമുള്ള വമ്പന്‍ പേരുകാരും ഇത്തവണ എത്തിയിട്ടുണ്ട്.
ഇതിന് പുറമെ ടീമിന് ഏറ്റവും ആവശ്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറായി ജേസണ്‍ ഹോള്‍ഡര്‍ കൂടി ടീമിലെത്തിയതോടെ ടീം ഒന്നുകൂടി സ്‌റ്റേബിളായി.
പുത്തന്‍ പുതിയ ആവേശത്തിലാണ് സഞ്ജുവും കൂട്ടരും ഐ.പി.എല്‍ 2023നിറങ്ങുന്നത്. വോണിന്റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടിയ സഞ്ജുവിന് 2008ലെ വോണിന്റെ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
Content Highlight: Rajastan Royals launch their new jersey by giving to ground staffs