| Monday, 9th January 2023, 3:19 pm

ലോകകപ്പ് നേടിയ ബട്‌ലര്‍ അടക്കമുള്ള സ്‌ക്വാഡില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം; സഞ്ജുവിനെ കുറിച്ച് മനസ് തുറന്ന് രാജസ്ഥാന്‍ സി.ഇ.ഒ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. ആദ്യ സീസണില്‍ ഫൈനലില്‍ പ്രവേശിച്ചതിന് ശേഷം 2022ലാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2022 ഐ.പി.എല്ലിന് മുമ്പ് പൊന്നും വില കൊടുത്തായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്തിയത്. ടീം തന്നിലര്‍പ്പിച്ച വിശ്വാസം സഞ്ജുവും കാത്തുസൂക്ഷിച്ചിരുന്നു.

ആറ് വര്‍ഷം രാജസ്ഥാനൊപ്പമുണ്ടായിരുന്ന സഞ്ജു സ്റ്റീവ് സ്മിത്ത് പടിയിറങ്ങിയതോടെ ക്യാപ്റ്റന്റെ റോളും ഏറ്റെടുത്തു. 2021ല്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും ആ വര്‍ഷം ഏഴാമതായിട്ടായിരുന്നു റോയല്‍സ് ഫിനിഷ് ചെയ്തത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഫൈനലില്‍ പ്രവേശിക്കാനും റോയല്‍സിന് സാധിച്ചു.

സഞ്ജുവിനെ കുറിച്ചും താരത്തിന്റെ അര്‍പ്പണബോധത്തെ കുറിച്ചും സംസാരിക്കുകയാണ് ടീമിന്റെ സി.ഇ.ഒ ആയ ലഷ് മാക്രം. ന്യൂസ് 18ന് നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലായിരുന്നു അദ്ദേഹം സഞ്ജുവിനെ കുറിച്ച് വാചാലനായത്.

‘സഞ്ജുവില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പഠിക്കാനുള്ള അവന്റെ തുറന്ന മനസാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ സ്വയം ഡെവലപ് ചെയ്തത് അതിശയിപ്പിക്കുന്ന തരത്തിലാണ്. അവന്‍ ഏറെ മെച്ചപ്പെട്ടു, ഇനിയും അവന്‍ മെച്ചപ്പെടുക തന്നെ ചെയ്യും.

ക്യാപ്റ്റന്‍സിയേറ്റെടുത്തതിന് ശേഷമുള്ള രണ്ടാം വര്‍ഷം തന്നെ അവന്‍ ടീമിനെ ഫൈനലിലെത്തിച്ചു. വളരെ വലിയൊരു നേട്ടമാണത്. അവന്‍ സഹതാരങ്ങളുമായി ഇടപഴകുന്നതും അവരെ മാനേജ് ചെയ്യുന്നതും അവരെ പ്രചോദിപ്പിക്കുന്നതുമെല്ലാം ഏറെ അഭിനന്ദനാര്‍ഹമാണ്.

കളിക്കളത്തില്‍ അവന്‍ അത്രത്തോളം കാണിക്കുന്നില്ല. പക്ഷേ ചെയ്യുന്ന പല ജോലികളും അധികമാരും കാണാത്തതാണ്. രാജസ്ഥാന്‍ റോയല്‍സ് ഇത്രത്തോളം സക്‌സസ്ഫുള്ളായതിന്റെ പ്രധാന കാരണവും അതുതന്നെയാണ്.

സഞ്ജു എല്ലായ്‌പ്പോഴും ഞങ്ങളുടെ സ്വന്തം ആളാണ്. അവന്‍ വലിയ പേരുകാരനാണെന്ന് തന്നെ ഞാന്‍ പറയും. മറ്റു പലരുമായും താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുപ്പമായിരിക്കാം. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഐ.പി.എല്ലിലും രാജസ്ഥാന്‍ റോയല്‍സിനുമൊപ്പവും ഉള്ള അനുഭവ സമ്പത്ത് അവനിലുണ്ട്.

സഞ്ജു ഫ്രാഞ്ചൈസിക്കായി സ്വയം സമര്‍പ്പിച്ച താരമാണ്. അവന്‍ ടീമിനെ കുറിച്ച് അത്രത്തോളം പാഷനേറ്റാണ്, അത് വളരെ പ്രധാനവുമാണ്,’ മാക്രം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ തന്നെയാവും ഇത്തവണ സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ ഒരുങ്ങുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ മാസം കൊച്ചിയില്‍ വെച്ച് നടന്ന മിനി താര ലേലത്തില്‍ ടീമിന് ആവശ്യമായിരുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറെയും ജോ റൂട്ടിനെ പോലുള്ള വെറ്ററന്‍ താരങ്ങളെയും ടീമിലെത്തിച്ച് വോണ്‍ നേടിത്തന്ന കിരീടം സഞ്ജുവിലൂടെ വീണ്ടും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് പിങ്ക് സിറ്റി.

Content Highlight: Rajastan Royals’ CEO about Sanju Samson

We use cookies to give you the best possible experience. Learn more